Sorry, you need to enable JavaScript to visit this website.

കെ-റെയിൽ കേരളത്തിനു യോജിച്ച  പദ്ധതിയല്ല -ദോഹ കൾച്ചറൽ ഫോറം 

കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി കെ-റെയിൽ വികസനമോ വിനാശമോ? എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചാ സംഗമത്തിൽ ദോഹ കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ് സി.സാദിഖ് അലി സംസാരിക്കുന്നു.

ദോഹ- ഗുരുതരമായ പാരിസ്ഥിതികാഘാതവും സാമൂഹികാഘാതവും സൃഷ്ടിക്കുകയും വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുകയും ചെയ്യുന്ന കെ-റെയിൽ പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് ദോഹ കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി കെ-റെയിൽ വികസനമോ വിനാശമോ? എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭൂപ്രകൃതി, ആവാസ വ്യവസ്ഥ, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഇവയൊന്നും പരിഗണിക്കാതെയും കാര്യക്ഷമമായ പഠനങ്ങൾ നടത്താതെയും ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ പോകുന്ന പദ്ധതിയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
 നിലവിലെ റെയിൽവേ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും കൂടുതൽ ട്രെയിനുകൾ ലഭിക്കാനുള്ള അടിയന്തര ഇടപെടലുകളും നടത്തിയാൽ തന്നെ കേരളത്തിലെ യാത്രാ പ്രശനങ്ങൾ കുറെ പരിഹരിക്കാൻ സാധിക്കും. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് 7 മീറ്റർ ഉയരത്തിൽ പാറയിട്ട് ഉയർത്തി കേരളത്തെ രണ്ടായി വിഭജിക്കുകയല്ല വേണ്ടത്. ഡി.പി.ആർ പോലും പുറത്ത് വിടാതെ ജനങ്ങളെ ഇരുട്ടിൽ നിർത്തിയല്ല വികസനം നടപ്പാക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.
പരിപാടിയിൽ കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.സാദിഖ് അലി ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി പ്രതിനിധി ഇ.എ. നാസർ, ഇൻകാസ് പ്രതിനിധി നൗഷാദ് പയ്യോളി, പദ്ധതി കടന്നു പോകുന്ന പ്രദേശത്തുള്ളവരെ പ്രതിനിധീകരിച്ച് സൈനുദ്ദീൻ ചെറുവണ്ണൂർ, ഷാഹിദ് ചെറിയ കുമ്പളം തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി ഓൺലൈനിൽ സദസ്സിനെ അഭിസംബോധന ചെയ്തു. പ്രോഗ്രാം കൺവീനർ ആരിഫ് വടകര സ്വാഗതവും കൾച്ചറൽ ഫോറം ജില്ലാ സെക്രട്ടറി റാസിഖ് നന്ദിയും പറഞ്ഞു. കൾച്ചറൽ ഫോറം ജില്ലാ വൈസ് പ്രസിഡന്റ് അഫ്‌സൽ ചേന്ദമംഗല്ലൂർ, സെക്രട്ടറി റഹീം വെങ്ങേരി, മീഡിയ വകുപ്പ് കൺവീനർ റബീഹ് സമാൻ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News