പ്രണയത്തെ എതിർത്തത് പകയായെന്ന് സംശയം
കൊച്ചി- പറവൂർ പെരുവാരത്ത് യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് സഹോദരി ഒളിവിൽ. കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. സാഹചര്യ തെളിവുകളും മരിച്ച യുവതിയുടെ മാതാപിതാക്കളുടെ മൊഴികളുമാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നത്. എന്നാൽ ഡി.എൻ.എ പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചത് ആരെന്ന് വ്യക്തമായ ശേഷം അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ നീക്കം.
നഗരസഭ ഒമ്പതാം വാർഡിൽ പെരുവാരം പനോരമ നഗർ അറക്കപ്പറമ്പിൽ പ്രസാദത്തിൽ ശിവാനന്ദന്റെ വീടിനാണ് ചൊവ്വാഴ്ച മൂന്നോടെ തീ പിടിച്ചത്. സംഭവ സമയത്ത് ശിവാനന്ദനും ഭാര്യ ജിജിയും വീട്ടിൽ ഉണ്ടായിരുന്നില്ല. മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. തീപ്പിടിത്തത്തിൽ രണ്ട് മുറികൾ പൂർണമായി കത്തി നശിച്ചു. ഒരു മുറിയിൽ തിരിച്ചറിയാനാകാത്ത വിധത്തിൽ ഒരു മൃതദേഹം സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും കണ്ടെത്തിയിരുന്നു.
ഈ മൃതദേഹം ആരുടെതെന്ന് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മരിച്ചത് മൂത്ത മകൾ വിസ്മയയാണെന്ന് മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. ഇതോടെ തീപ്പിടിത്തത്തിന് ശേഷം കാണാതായ ജിത്തുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായി പോലീസ്.
സി സി ടി വിയിൽ ജിത്തു വീട്ടിൽ നിന്നും കടന്നുകളയുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വിസ്മയയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയാണ് ജിത്തു വീടുവിട്ടത്. വൈകീട്ട് ആറോടെ എടവനക്കാട് ലൊക്കേഷനിൽ കണ്ടെത്തി. പിന്നീട് വിവരമൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് കൊലപാതകം നടത്തി ജിത്തു ഒളിവിൽ പോയതായി സംശയമുയർന്നത്.
ജിത്തുവിന് ഒരാളുമായി ഉണ്ടായിരുന്ന പ്രണയത്തെ വിസ്മയ എതിർത്തിരുന്നുവെന്നും ഇതേച്ചൊല്ലി വീട്ടിൽ പലവട്ടം വഴക്ക് ഉണ്ടായതായും പറയുന്നു. അടുത്തിടെ കുടുംബത്തെ വീട്ടിനകത്ത് പൂട്ടിയിട്ട് ജിത്തു പുറത്തു പോയിരുന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും നാളുകളായി ജിത്തു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. ജിത്തുവിന്റെ ആൺ സുഹൃത്തിനെ സംഭവ ശേഷം ഏതാനും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിലെടുത്തു
സഹോദരിയുടെ പ്രണയത്തെ എതിർത്തതാണ് വിസ്മയയുടെ പ്രാണൻ എടുക്കാനുള്ള പകയിൽ എത്തിച്ചതെന്ന് സമീപവാസികൾ പറയുന്നു. വീടിന്റെ ജനലിന്റെ മരങ്ങൾ ഉൾപ്പെട്ട എല്ലാം വിസ്മയക്കൊപ്പം കത്തി അമർന്നു. മണ്ണെണ്ണ ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്നാണ് പോലീസ് പറയുന്നതെങ്കിലും ടിന്നർ പോലുള്ള തീ പടർന്ന് പിടിക്കാൻ ശേഷിയുള്ള ലായനി ഉപയോഗിച്ചിരിക്കാനാണ് സാധ്യത. സംഭവ ശേഷം ഒളിവിൽ പോയ ജിത്തുവിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.