കല്‍പ്പറ്റ- സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട് മുസ്‌ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്‌യ ഖാന്‍ തലയ്ക്കലിനെതിരെ പാര്‍ട്ടി നടപടി. ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും യഹ്‌യ ഖാനെ മാറ്റിയതായി ലീഗ് അറിയിച്ചു. ജിഫ്രി തങ്ങള്‍ക്ക് വധഭീഷണി എന്ന വാര്‍ത്തയ്ക്കു താഴെയാണ് തങ്ങളെ അധിക്ഷേപിച്ച് കമന്റിട്ടത്. വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനുള്ള ചെപ്പടിവിദ്യകള്‍ എന്നായിരുന്നു കമന്റ്. തുടര്‍ന്ന് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ നേതൃത്വം ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. തന്റെ കമന്റ് ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ആണെന്ന് യഹ്‌യ വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടി നടപടി സ്വീകരിച്ചു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികളില്‍ ബോധവല്‍ക്കരണം നടത്തണമെന്ന ലീഗ് നിലപാടിനെ എതിര്‍ത്തതിനെ തുടര്‍ന്ന് നേരത്തെ ജിഫ്രി തങ്ങള്‍ക്ക് ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ സമൂഹമാധ്യമ ആക്രമണം ഉണ്ടായിരുന്നു. തന്നെ അധിക്ഷേപിച്ചെന്നും എന്നാല്‍ നിലപാടില്‍ നിന്ന് പിറകോട്ടില്ലെന്നും പിന്നീട് ജിഫ്രി തങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തനിക്കെതിരെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസം തങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനെതിരെ പരാതി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.