പത്തനംതിട്ട- കെ റെയില്‍ പദ്ധതി ചെലവ് 84000 കോടി കവിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . വി എസ് സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതിയാണ് കെ റെയില്‍. ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയില്‍ പരിഷത്ത് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രതികരണം.
എസ്ഡിപിഐയും ജമാഅത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. വിമോചന സമരത്തിന് സമാനമായ സര്‍ക്കാര്‍ വിരുദ്ധ നീക്കമാണിത്. ഈ കെണിയില്‍ യുഡിഎഫും വീണു. കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ യുഡിഎഫിന്റെ ഓഫീസ് പൂട്ടും. ദേശീയ തലത്തില്‍ സിപിഎം അതിവേഗ പാതക്ക് എതിരല്ലെന്നും കോടിയേരി പറഞ്ഞു. അതിരപ്പള്ളി പദ്ധതിക്ക് ഇപ്പോള്‍ പ്രസക്തി കുറഞ്ഞെന്നും കോടിയേരി പറഞ്ഞു. ജലവൈദ്യുതിക്ക് ഇനി ചെലവേറുന്ന കാലമാണ്. മുന്നണിയില്‍ സമവായമില്ലാത്തതും പ്രശ്‌നമാണെന്നും കോടിയേരി പറഞ്ഞു.