Sorry, you need to enable JavaScript to visit this website.

മോഷണം ആരോപിച്ച് ആദിവാസിയെ അടിച്ചുകൊന്നു

അഗളി- മുക്കാലി പ്രദേശത്ത് മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച യുവാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കടുകുമണ്ണ സ്വദേശിയായ മധു (27) ആണ് മരിച്ചത്. നാട്ടുകാർ ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
മുക്കാലി മുതൽ താവളം വരെയുള്ള ഭാഗങ്ങളിലെ കടകൾ കുത്തിത്തുറന്ന് ഇയാൾ സാധനങ്ങൾ മോഷ്ടിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അഗളി പോലീസിൽ പലവട്ടം പരാതി നൽകിയിട്ടും നടപടിയെടുത്തില്ലത്രെ. ഇയാൾ താമസിക്കുന്ന മല്ലിശ്വരൻ മുടിയുടെ താഴ്ഭാഗത്തു നിന്നാണ് നാട്ടുകാർ പിടികൂടിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയും അവരെത്തി കൊണ്ടുപോകുകയും ചെയ്തു.
സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ജീപ്പിൽ ഛർദിച്ചതിനെത്തുടർന്ന് പോലീസ് ഇയാളെ അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. അഗളി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മർദിച്ച ആളുകൾക്കെതിരെ നടപടിയെടുക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.

Latest News