ഇടുക്കി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പോലീസുകാരന് സസ്പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന അനസ് പി.കെക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസില്‍ നിന്നും ഇയാള്‍ ആര്‍.എസ്.എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് വിവരം.
വളരെ യാദൃശ്ചികമായിട്ടാണ് അനസിലേക്ക് അന്വേഷണമെത്തുന്നത്. തൊടുപുഴയില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാളുടെ മൊബൈലില്‍ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്.
ഇയാളുമായി അനസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചു നല്‍കാറുണ്ടെന്നും കണ്ടെത്തുകയായിരുന്നു.