കാസർകോട്- മതിയായ ചികിത്സ കിട്ടാതെ എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് കുട്ടികൾ കൂടി മരണത്തിന് കീഴടങ്ങി.
തായന്നൂർ മുക്കുഴിയിലെ മനു-സുമിത്ര സാമ്പത്തികളുടെ ഏകമകൾ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ(11) എന്നിവരാണ് മരിച്ചത്. വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മുഹമ്മദ് ഇസ്മായിൽ മരിച്ചത്. പല്ലുവേദന വന്നതിനാൽ എണ്ണപ്പാറ പി എച്ച് സിയിൽ ചികിത്സതേടി. അവിടെ നിന്ന് മരുന്ന് നൽകിയ അമേയയെ ഛർദ്ദി വന്നതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സാധാരണ ഛർദ്ദി ആണെന്ന് പറഞ്ഞു തിരിച്ചയച്ചു. വൈകുന്നേരം വീണ്ടും അസുഖം വന്നപ്പോൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തം കട്ടപിടിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. രാവിലെ തന്നെ അത് പറഞ്ഞിരുന്നെങ്കിൽ വിദഗ്ധ ചികിത്സ തേടുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജില്ലാ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് രണ്ട് കുട്ടികളുടെയും മരണം. മംഗളുരുവിലെ എനപോയ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു. സർക്കാർ ഫണ്ട് നൽകാത്തതിനാൽ അവിടെ ചികിത്സ നിർത്തി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വീണ്ടും ചികിത്സ നൽകുന്നതിന് നിർദ്ദേശിച്ചിരുന്നു. അതിനിടയിലായിരുന്നു മരണം. എൻഡോസൾഫാൻ വിഷപ്രയോഗം നടന്ന ജില്ലയിലെ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളിൽ പലരും ഇപ്പോഴും മാരകരോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആസ്പത്രികൾ കാസർകോട് ജില്ലയിൽ എവിടെയും നിലവിലില്ല. മംഗളുരു ആശുപത്രിയിലും കോഴിക്കോടും കൊണ്ടുപോയാണ് കുട്ടികളെ ചികിൽസിച്ചു വന്നിരുന്നത്. കോവിഡ് കാരണം അതും മുടങ്ങി. ചികിത്സാസൗകര്യം പോലും ഏർപ്പെടുത്താതെ എൻഡോസൾഫാൻ ദുരിബാധിതരെ അധികൃതർ അവഗണിക്കുകയാണെന്നാണ് ആരോപണം. ഒന്നര വർഷമായി വിളിച്ച് ചേർക്കാത്ത എൻഡോസൾഫാൻ സെല്ലിന് നാഥനില്ലാതായിട്ടു മാസങ്ങളായി. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ ആയിരുന്നു സെല്ലിന്റെ ചെയർമാൻ. അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ നാഥനില്ലാതാവുകയായിരുന്നു.