കണ്ണൂർ - കോടികളുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ ചാലാട് പഞ്ഞിക്കൽ ഷീദ മൻസിലിൽ മുഹമ്മദ് നീഷിനെ (33)യാണ് കണ്ണൂർ സിറ്റി അസി കമ്മീഷണർ പി.പി. സദാനന്ദൻ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയിരുന്നു.
എൽ.ആർ ട്രേഡിങ്ങ് എന്ന സ്ഥാപനം മുഖേന മോറിസ് കോയിൻ വാഗ്ദാനം നൽകി മൊത്തം 1265 കോടി പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണി ചെയിൻ മാതൃകയിൽ ആണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിച്ച് 36 കോടി രൂപ മരവിപ്പിച്ചു. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമം പ്രകാരം പ്രതികളുടെ സ്വത്തുക്ക ളും നിക്ഷേപങ്ങളും കണ്ട് കെട്ടും. അതിനായി ധനകാര്യ വകുപ്പ് അഡീ ചീഫ് സെകട്ടറിക്ക് പോലീസ് റിപ്പോർട്ട് നൽകി.
തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം പൂക്കോട്ടും പാടം സ്വദേശി മുഹമ്മദ് നിഷാദാണ്. മലപ്പുറത്ത് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്ത ഇയാൾ സൗദി അറേബ്യയിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലെ മുഴുവൻ ആളുകളെയും തിരിച്ചറിഞ്ഞത്. അമ്പത് കോടിക്ക് മുകളിൽ പിരിച്ചെടുത്ത നാല് പേരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഇന്നലെ വിവിധ ജില്ലകളിൽ പരിശോധന നടന്നിരുന്നു. അക്കൗണ്ടിങ്ങ് സാങ്കേതിക മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെ ടുത്തിയിട്ടുണ്ട്. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ അസി.കമ്മീഷണർ സദാനന്ദൻ ആയിരിക്കും . ഭീമമായ തുകയുടെ തട്ടിപ്പ് നടന്നെങ്കിലും അതിനനുസരിച്ച് കേസിൽ ആളുകൾ പരാതി നൽകിയിട്ടില്ല.