തിരുവനന്തപുരം- ഗായകന്‍ എം.ജി. ശ്രീകുമാറിനെ സംഗീതനാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തിനെതിരേ ഇടതുപക്ഷത്തെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ബി.ജെ.പി. ചായ്‌വുള്ള ശ്രീകുമാറിനെ സംഗീതനാടക അക്കാദമി നേതൃത്വം എല്‍പ്പിക്കുന്നത് എന്തിനെന്നാണ് സാമൂഹികമാധ്യമങ്ങളിലൂടെ അവര്‍ ഉയര്‍ത്തുന്ന ചോദ്യം. വിവാദം കനത്തതോടെ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണമാണ് മന്ത്രി സജി ചെറിയാന്‍ നല്‍കിയത്.
സി.പി.എം. പാര്‍ട്ടി സെക്രട്ടേറിയറ്റിലാണ് നടനും സംവിധായകനുമായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷനായും എം.ജി. ശ്രീകുമാറിനെ സംഗീതനാടക അക്കാദമി അധ്യക്ഷനായും നിയമിക്കാന്‍ ധാരണയായത്. ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എഴുത്തുകാരിയായ ശാരദക്കുട്ടി, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എന്നിവരൊക്കെ നിയമനത്തെ ചോദ്യംചെയ്തിരുന്നു. 2016ല്‍ വി. മുരളീധരന്‍ കഴക്കൂട്ടത്ത് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തത് എം.ജി. ശ്രീകുമാറാണ്. അന്ന് കഴക്കൂട്ടത്ത് താമര വിരിയുമെന്ന് എം.ജി. ശ്രീകുമാര്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച വാര്‍ത്തയും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.