തിരുവനന്തപുരം- കെ റെയിലില്‍ പിണറായി സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്തതിന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പരസ്യമായി താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെ വീണ്ടും സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. യോഗി ആദിത്യനാഥിനെ പോലുള്ളവര്‍ കേരളത്തിലെ ആരോഗ്യരംഗത്തിന് പുറമേ സംസ്ഥാനത്തെ മികച്ച ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവവും കണ്ടുപഠിച്ചിരുന്നെങ്കില്‍ ഇന്ത്യ എത്ര നന്നായേനെയെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.