Sorry, you need to enable JavaScript to visit this website.

നവോത്ഥാനം പോലെ സിൽവർലൈനും  ദുരന്തമാകും -വി.ഡി. സതീശൻ

കൊച്ചി- സിൽവർ ലൈൻ നടപ്പിലാക്കി ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവോത്ഥാന നായകനാകാൻ ശ്രമിച്ച് ഓടിയൊളിച്ചതു പോലെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള ശ്രമവും ഒരു ദുരന്തമായി പര്യവസാനിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് കാലത്ത് വിഴിഞ്ഞം കൊണ്ടുവന്നപ്പോൾ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും അധികാരത്തിൽ വന്നപ്പോൾ അദാനിയുമായി സമരസപ്പെടുകയും ചെയ്ത വ്യക്തിയാണ് പിണറായി. അങ്ങനെയുള്ളയാൾ വികസന വിരുദ്ധതയുടെ തൊപ്പി ഞങ്ങളുടെ തലയിൽ ചാർത്താൻ ശ്രമിക്കേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തിൽ ഏറ്റവുമധികം യോജിക്കുന്നത് പിണറായിക്കും സി.പി.എമ്മിനുമാണ്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉയർത്തിയ ആറ് ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല. രണ്ട് ലക്ഷം കോടി രൂപ ചെലവ് വരുന്ന ഒരു പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കു പോലും സർക്കാർ തയാറായില്ല.


നിയമസഭയിൽ അല്ലാതെ മറ്റെവിടെയാണ് ഈ പദ്ധതി ചർച്ച ചെയ്യുന്നത്. സി.പി.എം നേതാക്കൾ മാത്രം ചർച്ച ചെയ്താൽ മതിയോ? അതോ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചിലർ മാത്രം ചർച്ച ചെയ്താൽ മതിയെന്നാണോ? പ്രതിപക്ഷം ഇക്കാര്യങ്ങൾ ചോദ്യം ചെയ്തില്ലെങ്കിൽ നാളെകളിൽ ജനകീയ വിചാരണക്ക് വിധേയരാകേണ്ടി വരും. പിണറായി ചരിത്ര പുരുഷനാകുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല. പക്ഷെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുന്നോട്ടു പോകാൻ അനുവദിക്കില്ല. സി.പി.ഐക്കാരെയോ ശാസ്ത്രസാഹിത്യ പരിക്ഷത്തിനെയോ പോലും ഇതുവരെ ബോധ്യപ്പെടുത്താനായിട്ടില്ല. വിഷയം പഠിച്ച ശേഷമാണ് യു.ഡി.എഫ് സിൽവർ ലൈനിനെതിരെ സംശയമുന്നയിച്ചത്. സർക്കാരിനെ എല്ലാ ദിവസവും വിമർശിക്കുകയെന്നതല്ല പ്രതിപക്ഷത്തിന്റെ രീതി. സൂര്യന് കീഴെയുള്ള സകല കാര്യങ്ങളെ കുറിച്ചും വൈകിട്ട് പത്ര സമ്മേളനം നടത്തുന്ന മുഖ്യമന്ത്രി സിൽവർ ലൈനിനെ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകുന്നില്ല. തട്ടിക്കൂട്ടിയ പദ്ധതിയുമായി ജനങ്ങളെ പറ്റിക്കാമെന്നു കരുതേണ്ടെന്ന് സതീശൻ പറഞ്ഞു. 
ഹിന്ദു മതാധിഷ്ഠിത രാജ്യമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. ബി.ജെ.പിയുമായി കോൺഗ്രസ് സമരസപ്പെടുന്നെന്ന ആരോപണവും വിചിത്രമാണ്. സ്വന്തം ചെയ്തികളിലുള്ള കുറ്റബോധമാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇതൊക്കെ പറയിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഹിന്ദു മതമാണ്. ഹിന്ദുത്വ അധികാരം നേടാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ്. അതിനെ നേരിടുമെന്നാണ് രാഹുൽ പറഞ്ഞത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശത്തെ അംഗീകരിക്കുമെന്നതു തന്നെയാണ് കോൺഗ്രസ് നിലപാട്. എന്നാൽ സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും മുഖ്യമന്ത്രി മാറി മാറി പുണരുകയാണ്. മുസ്‌ലിം ലീഗിന്റെ കേരളത്തിലെ സാന്നിധ്യമാണ് ന്യൂനപക്ഷ വർഗീയതയെ കുറയ്ക്കാൻ സാഹായകമായത്. ലീഗിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന സമീപനമാണ് പിണറായി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച് യു.ഡി.എഫ് ഭരണത്തെ താഴെയിടാൻ ശ്രമിച്ചത്. കോട്ടയത്ത് ബി.ജെ.പിയുമായി ചേർന്നും യു.ഡി.എഫ് ഭരണം അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ സി.പി.എം എസ്.ഡി.പി.ഐയുമായി സന്ധിചെയ്തിരിക്കുകയാണ്. 

സോഷ്യൽ എൻജിനീയറിംഗിന്റെ പേരിൽ നടക്കുന്നത് വർഗീയ പ്രീണനമാണ്. ആലപ്പുഴയിലേതുൾപ്പെടെയുള്ള കൊലപാതകങ്ങൾ ഇതിന്റെ ഫലമായുണ്ടായതാണ്. സി.പി.എം ജില്ലാ കമ്മിറ്റികളാണ് എസ്.പിമാരെ നിയമന്ത്രിക്കുന്നത്. ഇത് പഴയകാല സെൽ ഭരണത്തിന്റെ പുതിയ രൂപമാണ്. ഒരുകാലത്തും ഇല്ലാത്ത വിധത്തിൽ കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. സംസ്ഥാനത്തെ പൊതുവഴികൾ നന്നാക്കുന്നില്ലെങ്കിലും തീവ്രവാദ ശക്തികൾക്ക് വളരാനുള്ള വഴി മുഖ്യമന്ത്രി ഒരുക്കിക്കൊടുക്കുന്നുണ്ട്. സിൽവർ ലൈനിൽ വരെ വർഗീയത കൊണ്ടുവന്ന് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്. കേരളീയ സമൂഹത്തിലാകെ വർഗീയതയുടെ വിഷം കുത്തിവെക്കാൻ സി.പി.എമ്മും സർക്കാരും നടത്തുന്ന ശ്രമമാണിത്. 
കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് സ്ഥാനമില്ലാത്തതിൽ മുഖ്യമന്ത്രി ദുഃഖിതനാണ്. അവർ ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. സിൽവർ ലൈനിന് എതിരായ സമരം യു.ഡി.എഫാണ് നടത്തുന്നത്. യു.ഡി.എഫിന് ആരുടെയും സഹായം ആവശ്യമില്ല. 
ബി.ജെ.പി ദേശീയ നേതൃത്വവുമായി കേരളത്തിലെ സി.പി.എമ്മിന് ബന്ധമുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങനെയാണ് ഒത്തുതീർപ്പാക്കിയത്? മതേതരത്വത്തെ കുറിച്ച് സി.പി.എം കോൺഗ്രസിനോ യു.ഡി.എഫിനോ ക്ലാസെടുക്കേണ്ട. പോലീസിൽ സംഘപരിവാർ സാന്നിധ്യമുണ്ടെന്ന സി.പി.ഐ കേന്ദ്ര നേതാക്കളുടെ തുറന്നുപറച്ചിൽ സത്യമാണെന്നു വ്യക്തമായിരിക്കുകയാണ്. 

Latest News