Sorry, you need to enable JavaScript to visit this website.

പാര ബാഡ്മിന്റണ്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്:  കേരളത്തില്‍നിന്നുള്ള ഒരു സംഘത്തെ പങ്കെടുപ്പിച്ചില്ല

പാര ബാഡ്മിന്റണ്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു  കേരളത്തില്‍നിന്നു പോയ താരങ്ങളില്‍ ചിലര്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍.

കല്‍പറ്റ-പാരാലിമ്പിക്  കമ്മിറ്റി ഓഫ് ഇന്ത്യ ഒഡീഷയിലെ ഭുവനേശ്വറില്‍ 23 മുതല്‍ 26 വരെ സംഘടിപ്പിച്ച നാലാമത് പാരാ ബാഡ്മിന്റണ്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തില്‍നിന്നുള്ള ഒരു സംഘത്തിനു പങ്കെടുക്കാനായില്ല. ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെ നേതൃത്വത്തില്‍ ഭൂവനേശ്വറിലെത്തിയ ഭിന്നശേഷി കായികതാരങ്ങള്‍ക്കാണ്  അവസര നിഷേധം നേരിടേണ്ടിവന്നത്. പാരാലിമ്പിക്  കമ്മിറ്റി ഓഫ് ഇന്ത്യയില്‍ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയ്ക്കു അഫിലിയേഷന്‍ ഇല്ല. ഇക്കാരണം പറഞ്ഞാണ് കേരളത്തില്‍നിന്നുള്ള താരങ്ങളില്‍ ഒരു വിഭാഗത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാതിരുന്നത്. 14 പുരുഷന്‍മാരും ഒരു വനിതയുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു അസോസിയേഷന്റെ നേതൃത്വത്തില്‍ ഭുവനേശ്വറില്‍ എത്തിയത്. താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കണമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ്  ദീപ മാലിക്കിനോടു അഭ്യര്‍ഥിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഒടുവില്‍ സംഘം നിരാശയോടെ കേരളത്തിലേക്കു തിരിക്കുകയായിരുന്നു. 
മുന്‍ വര്‍ഷങ്ങളിലെ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരളയുടെ  നേതൃത്വത്തില്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. ഇതാദ്യമായാണ് തിക്താനുഭവം. ഇതിനു പിന്നില്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫ്രന്റലി ഏബിള്‍ഡിന്റെ ഇടപെടലാണെന്നു ഫിസിക്കലി ചലഞ്ച്ഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള  പ്രസിഡന്റ് എ.എം.കിഷോര്‍, ജനറല്‍ സെക്രട്ടറി കെ.അബ്ദുല്‍ മുനീര്‍, ട്രഷറര്‍ എം.എസ്.സനോജ് എന്നിവര്‍ പറഞ്ഞു. അവസര നിഷേധത്തിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര സ്‌പോര്‍ട്‌സ്, സാമൂഹികനീതി മന്ത്രിമാര്‍, കേരള മുഖ്യമന്ത്രി, സ്‌പോര്‍ട്‌സ്, സാമൂഹികനീതി മന്ത്രിമാര്‍, പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റീസ് കമ്മീഷണര്‍ ഇന്ത്യ എന്നിവര്‍ക്കു പരാതി നല്‍കിയതായി അവര്‍ അറിയിച്ചു. പാരാലിമ്പിക്  കമ്മിറ്റി ഓഫ് ഇന്ത്യയുടെ ബംഗളൂരു ഓഫീസിലേക്കു ജനുവരി അവസാന വാരം മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
 

Latest News