Sorry, you need to enable JavaScript to visit this website.

കിഴക്കമ്പലം സംഘര്‍ഷം: 50 പേര്‍ അറസ്റ്റില്‍,  ചുമത്തിയത് വധശ്രമം ഉള്‍പ്പെടെ 11 വകുപ്പ്

കൊച്ചി- കിഴക്കമ്പലം കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലെ അതിഥിത്തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്. 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 9 പൊലീസുകാര്‍ക്കാണു സംഘര്‍ഷത്തില്‍ പരിക്കേറ്റത്. അക്രമികള്‍ 4 പോലീസ് വാഹനങ്ങള്‍ തകര്‍ത്തു. ഒരു പട്രോളിങ് ജീപ്പിനു തീയിട്ടു. കേസെടുത്ത പോലീസ് 156 പേരെയാണു കസ്റ്റഡിയിലെടുത്തത്. തൊഴിലാളികളില്‍ ചിലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. ക്വാര്‍ട്ടേഴ്‌സില്‍ ക്രിസ്മസ് കാരള്‍ നടത്തിയതുമായി ബന്ധപ്പെട്ടു ചില സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടു. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം തൊഴിലാളികള്‍ തെരുവിലിറങ്ങി അക്രമം തുടര്‍ന്നു. ഓഫിസിനുള്ളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തൊഴിലാളികളെ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ വിവരം അറിയിച്ചതോടെ കുന്നത്തുനാട് സ്‌റ്റേഷന്റെ പട്രോളിങ് ജീപ്പ് സ്ഥലത്തെത്തി. എണ്ണത്തില്‍ കുറവായിരുന്ന പോലീസുകാര്‍ അക്രമം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ കല്ലെറിയുകയും വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
 

Latest News