അബുദാബി- പുതിയ 50 ദിര്‍ഹം പോളിമര്‍ നോട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചു. നിലവിലെ 50 ദിര്‍ഹം പേപ്പര്‍ നോട്ടിനൊപ്പം ഇതും ഉപയോഗിക്കാം.
പുതിയ നോട്ട് ബാങ്കുകളിലേക്കും എക്സ്ചേഞ്ച് ഹൗസുകളിലും വിതരണം ചെയ്തതിട്ടുണ്ട്. യു.എ.ഇയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ച് സ്ഥാപക പിതാവ്, അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടും എമിറേറ്റ്‌സിലെ ആദ്യ തലമുറ ഭരണാധികാരികളോടുമുള്ള ആദരവായാണ് ബാങ്ക് നോട്ട് പുറത്തിറക്കിയത്. പുതിയ ബാങ്ക് നോട്ട് പോളിമര്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് കടലാസ് നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യത്യസ്തമായ വയലറ്റ് ഷേഡുകള്‍, മധ്യഭാഗത്ത് യു.എ.ഇ നാഷനല്‍ ബ്രാന്‍ഡിന്റെ അടയാളങ്ങള്‍, നൂതന ഇന്റാഗ്ലിയോ പ്രിന്റിങ് ടെക്‌നിക്ക് ഉപയോഗിച്ച് സൃഷ്ടിച്ച വരകളും ലിഖിതങ്ങളും ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്ലാത്ത ഉപയോക്താക്കളെ നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ബ്രെയില്‍ ലിപിയില്‍ ചിഹ്നങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.