Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങിയ മലയാളികളെ തേടി ഈജിപ്ത് സ്വദേശി കൊല്ലത്ത്

കൊല്ലം-  സൗദി അറേബ്യയിൽനിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കേരളത്തിലേക്ക് മുങ്ങിയ മൂന്നു പേരെ തേടി വിദേശി കേരളത്തിൽ. സൗദിയിലെ അബുയാസിർ എന്ന സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ഹസാം മുഹമ്മദാണ് തട്ടിപ്പിനിരയായത്. കരുനാഗപ്പള്ളി തൊടിയൂർ നോർത്തൽ തൈക്കൂട്ടത്തിൽ തെക്കേതിൽ ഇർഷാദ്,  ഇയാളുടെ പങ്കുകച്ചവടക്കാരായിരുന്ന തിരുവനന്തപുരം  സ്വദേശികളായ ഷിബു, സിറാജുദ്ദീൻ  എന്നിവർ ചേർന്ന് ഹസാമിന്റെ പക്കൽ നിന്നും ഇലക്‌ട്രോണിക്ക് സാധനങ്ങൾ വാങ്ങിയാണ് പണം തിരികെ നൽകാതെ മുങ്ങിയത്. വാങ്ങിയ സാധനങ്ങളുടെ തുകയായ 48, 87,313 രൂപ 2017 ഒക്‌ടോബറിൽ തിരിച്ചു നൽകാമെന്ന് രേഖാമൂലം എഴുതി നൽകിയ ശേഷം കള്ള പാസ്‌പോർട്ടിൽ നാട്ടിലേക്ക് കടക്കുകയായിരുന്നു എന്ന് ഹസാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതികളുടെ പാസ്‌പോർട്ടിന്റെ രേഖയും കോപ്പിയും ഹസാമിന്റെ പക്കലുണ്ട്. സാധനങ്ങൾ വിറ്റ പണവുമായി കടന്ന ഇർഷാദിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലും ഷിബുവിന്റെ വീട്ടിലും നേരിട്ടെത്തി ഹസാം പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പണം തിരികെ നൽകാമെന്ന് പറയുന്നതല്ലാതെ  ഒരു നടപടിയും ഉണ്ടായില്ല. ഈമാസം 4ന് സൗദിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ പരാതിക്കാരൻ പണം കിട്ടുമെന്ന പ്രതീക്ഷയിൽ കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ താമസിക്കുകയാണ്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ഇർഷാദിന്റെയും ഷിബുവിന്റെയും പേരിൽ പരാതി നൽകിയതിനെ തുടർന്ന് കരുനാഗപ്പള്ളി സി.ഐക്ക് കേസ് കൈമാറി. എന്നാൽ പലയിടപെടലുകളും മൂലം സ്‌റ്റേഷനിൽ എത്തി പണം നൽകാമെന്ന് അറിയിച്ചിട്ടും മറ്റ് നടപടികളൊന്നും ഉണ്ടായില്ല. അതേസമയം സിറാജുദ്ദീനും ഷിബുവിനും എതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും നേരിട്ട് കോടതിയെ സമീപിക്കാനുമുള്ള നിർദേശമാണ്  അവരുടെ ഭാഗത്തു നിന്നുമുണ്ടായത്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഹസാമിന്റെ സ്‌പോൺസർ, അദ്ദേഹത്തിന്റെ ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുകയാണ്. ഈജിപ്ത്യൻ സ്വദേശിയായ ഹസാം സൗദിയിൽ തിരികെ എത്തിയാൽ ജയിൽവാസം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണ് ഉള്ളത്. നാട്ടിലെത്തി സ്ഥലം വിറ്റ ശേഷം പണം തിരികെ നൽകാമെന്ന് ഹസാമിനോട് ഷിബു പറഞ്ഞിരുന്നെങ്കിലും ഇതൊക്കെ സൗദിയിൽ നിന്നും കടക്കാനുള്ള മാർഗം മാത്രമായിരുന്നു എന്നും ഹസാം പറയുന്നു. അതേസമയം തട്ടിപ്പു നടത്തിയവർ നാട്ടിലെത്തി പുതിയ കാറും ബൈക്കുമൊക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ഇത്രയും വലിയ തുക ഒറ്റയ്ക്ക് ഉണ്ടാക്കാനുള്ള അവസ്ഥ തനിക്കില്ലെന്നും ഹസാം പറഞ്ഞു.

Latest News