കൊച്ചി- എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയത് രണ്ടു മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്ന് പോലീസിന്റെ റിമാന്റ് റിപ്പോർട്ട്. ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടണക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊല നടത്തിയത്. കൊലപ്പെടുത്താൻ ഏഴംഗ സംഘത്തെ നിയമിച്ചു. കുറ്റകൃത്യത്തിന് ശേഷം കേസിൽ നിന്ന് രക്ഷപ്പെടാൻ നേതാക്കളുടെ സഹായം ലഭിച്ചെന്നും റിപ്പോർട്ടിലുണ്ട്.
ചേർത്തലയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ട് മാസം മുമ്പ് തന്നെ കൊലപാതകത്തിന്റെ ആസൂത്രണത്തിന് രഹസ്യ യോഗം ചേർന്നിരുന്നു. ഡിസംബർ 15നും സംഘം യോഗം ചേർന്നിരുന്നാതായും റിപ്പോർട്ടിലുണ്ട്.
ഷാൻ വധക്കേസിൽ കുറ്റകൃത്യത്തിൽ പങ്കെടുത്തവരടക്കം 12 പേരാണ് ഇതുവരെ പിടിയിലായത്. ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.