തൃശൂർ- സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ ചർച്ച നടത്തി. കണ്ണൂരിലെ കോൺഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ജയരാജൻ നടത്തിയ വിവാദ പ്രസ്താവനയിലുള്ള അതൃപ്തി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജനെ അറിയിച്ചവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസിലല്ല, പാർട്ടിയിലാണ് തങ്ങൾക്ക് വിശ്വാസമെന്ന് ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിലുള്ള എതിർപ്പ് മുഖ്യമന്ത്രി അറിയിച്ചുവെന്നാണ് സൂചന. പാർട്ടി സമ്മേളനത്തിനെത്തിയ ജയരാജനെ സ്റ്റേജിന്റെ ഒരു ഭാഗത്തേക്ക് മുഖ്യമന്ത്രി വിളിച്ചുവരുത്തുകയായിരുന്നു. അവിടേക്ക് കോടിയേരിയും എത്തുകയായിരുന്നു.