Sorry, you need to enable JavaScript to visit this website.

ഭക്തര്‍ ഒഴുകിയെത്തി, ശബരിമല വരുമാനത്തില്‍ പത്തിരട്ടി വര്‍ധന

പത്തനംതിട്ട- കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ധാരാളമായി എത്തിയതോടെ ശബരിമലയിലെ വരുമാനം ഈ മണ്ഡല കാലത്ത് 78.92 കോടി രൂപയായി. കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനം 8.39 കോടി മാത്രമായിരുന്നു.

ഈ മണ്ഡലകാലത്ത് ആകെ ദര്‍ശനം നടത്തിയത് 10.35 ലക്ഷം ഭക്തരാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി വരുത്തിയ ഇളവുകളാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാരണം. ഇത് ശബരിമലയില്‍ വരുമാനം വര്‍ധിക്കാനും കാരണമായി. അരവണ വില്‍പ്പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തില്‍ 29.30 കോടി, അപ്പം വില്‍പ്പനയിലൂടെ 3.52 കോടി രൂപയും ഈ മണ്ഡലകാലത്ത് ലഭിച്ചു. കാണിക്കയായി ലഭിച്ച പണം എണ്ണാനുണ്ട്.

മകരവിളക്ക് തീര്‍ഥാടനത്തിനായി ഈ മാസം 30 ന് ശബരിമല നട തുറക്കും. അന്നേ ദിവസം തീര്‍ഥാടകര്‍ക്ക് പ്രവേശനമില്ല. 31 മുതല്‍ ജനുവരി 19 വരെ ദര്‍ശനം നടത്താം. ജനുവരി 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്തെത്തും. മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും 14ന് വൈകിട്ട് 6.30ന് നടക്കും.

 

Latest News