കണ്ണൂർ - ആരുടെയെങ്കിലും എതിർപ്പുണ്ടെന്ന് കരുതി സിൽവർ ലൈൻ പദ്ധതി ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പാറപ്രത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കാസർക്കോട് നിന്നും തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ട് എത്താവുന്ന പദ്ധതിയാണ് സിൽവർ ലൈൻ. ഇതിനെതിരെ എന്തൊക്കെ എതിർപ്പാണ് ഉയർന്നു വരുന്നത്. എന്തടിസ്ഥാനത്തിലാണ് ഈ എതിർപ്പ്? ഇത്തരത്തിലുള്ള എതിർപ്പുകളെ പരിഗണിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ ഒരു പദ്ധതിയും ഉണ്ടാകുമായിരുന്നില്ല.സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണ്. റോഡ്, റെയിൽവെ അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ പരിഗണന നൽകുന്നത് ഇതിനാലാണ്. ഇവിടെ ഒരു വികസന വും വരരുതെന്നും, നാട് ഒരു നരത്തിലും രക്ഷപ്പെടരുതെന്നും കരുതുന്നവരാണ് ഇത്തരം പദ്ധതികളിൽ എതിർപ്പുമായി എത്തുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്. ഭൂരിപക്ഷ വർഗ്ഗീയതയായ ആർ.എസ്.എസിനെ എതിർക്കാൻ ന്യൂനപക്ഷ വിഭാഗത്തിലെ വർഗ്ഗീയ വിഭാഗമായ എസ്.ഡി.പി.ഐ രംഗത്തെത്തിയിരിക്കയാണ്. അവർ എന്താണെന്നും അവരുടെ ശക്തി എന്താണെന്നും എല്ലാവർക്കും അറിയാം.എങ്കിലും ഞങ്ങൾ എന്തൊക്കെയോ ചെയ്തു കളയുമെന്ന പ്രഖ്യാപനത്തോടെയാണിവർ എത്തുന്നത്. ഭൂരിപക്ഷ വർഗീയതയും, ന്യൂനപക്ഷ വർഗ്ഗീയതയും ഒരു പോലെ നാടിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണിയാണ്. ഈ ശക്തികളെ ഇതേ രീതിയിൽ തന്നെ പരിഗണിക്കണമെന്നും പിണറായി പറഞ്ഞു.