റിയാദ് - സൗദിയിൽ മൂന്നു മാസത്തിനിടെ 69,500 ഓളം ഹൗസ് ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മൂന്നാം പാദത്തിലാണ് ഇത്രയും ഡ്രൈവർമാർക്ക് ജോലി നഷ്ടപ്പെട്ടത്. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 17.5 ലക്ഷത്തോളം ഹൗസ് ഡ്രൈവർമാരാണുള്ളത്. ഇക്കൂട്ടത്തിൽ 145 പേർ വനിതകളാണ്. സൗദിയിലെ ഗാർഹിക തൊഴിലാളികളിൽ പകുതിയോളം ഹൗസ് ഡ്രൈവർമാരാണ്. രാജ്യത്ത് ആകെ 32.9 ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണുള്ളത്. വീടുകളിലും കെട്ടിടങ്ങളിലും ഇസ്തിറാഹകളിലും വാച്ച്മാന്മാർ (ഹാരിസ്) ആയി 25,241 പേർ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തിൽ 12 പേർ വനിതകളാണ്. ഹൗസ് മാനേജർമാരായി 1,388 പുരുഷന്മാരും 1,100 വനിതകളും അടക്കം ആകെ 2,488 പേർ ജോലി ചെയ്യുന്നു.
അടുത്ത വർഷാദ്യം മുതൽ സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകൾക്ക് ഇൻഷുറൻസ് ബാധകമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറുകളെ ഇൻഷുറൻസ് പോളിസിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. സെൻട്രൽ ബാങ്കും ആഭ്യന്തര മന്ത്രാലയവും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇൻഷുറൻസ് സംവിധാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഏർപ്പെടുത്തും.