തിരുവനന്തപുരം- സില്‍വര്‍ലൈന്‍ പദ്ധതിക്ക് പിന്തുണ നല്‍കാന്‍ ഉപാധിവെച്ച് സി.പി.ഐ. പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് സി.പി.ഐ ആവശ്യപ്പെടും. ഉഭയകക്ഷി ചര്‍ച്ചയില്‍ സി.പി.എമ്മിനെ ഇക്കാര്യം അറിയിക്കും. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ. റെയില്‍ എന്നായിരുന്നു പദ്ധതിയെ പിന്തുണക്കാനായി സി.പി.ഐ പറഞ്ഞിരുന്ന കാരണം. എന്നാല്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ കെ.റെയിലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള ആളുകള്‍ പദ്ധതിക്കെതിരേ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയെ പിന്തുണയ്ക്കാന്‍ ഉപാധി വെക്കാനുള്ള തീരുമാനത്തിലേക്ക് സി.പി.ഐ ചുവടുമാറ്റുന്നത്. നേരത്തെ നിരുപാധിക പിന്തുണയാണ് പദ്ധതിക്ക് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതില്‍ നിന്ന് പിന്നോട്ട് പോകുകയാണ് സി.പി.ഐ. സി.പി.എമ്മുമായി എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടും. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് അറിയിക്കും. നേരത്തെ സി.പി.എം അനുകൂല സംഘടനയായിരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഡി.പി.ആര്‍ പുറത്തുവിടണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഡി.പി.ആര്‍ പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. ഡി.പി.ആര്‍ ഒരു രഹസ്യ രേഖയാണെന്നും ഇത് പൊതുമണ്ഡലത്തില്‍ വരുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ.റെയില്‍ എം.ഡി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സി.പി.ഐ നിലപാട് മാറ്റിയതോടെ ഡി.പി.ആര്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിരായേക്കും. ഡി.പിആര്‍ കണ്ട ശേഷമായിരിക്കും സി.പി.ഐ വിഷയത്തിലെ തുടര്‍നിലപാട് തീരുമാനിക്കുക.