Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറാന്‍ ശ്രമിച്ചു, സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം- രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ  കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ ഇടയില്‍ യറ്റാന്‍ ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ച രാവിലെ 11.05 നാണ് രാഷ്ട്രപതി കൊച്ചിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.

വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വി.വി.ഐ.പി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍നിന്ന് തിരിച്ച രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം മേയറുടെ വാഹനം സഞ്ചരിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ജനറല്‍ ആശുപത്രിക്ക് സമീപം മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. കേന്ദ്ര ഇന്റലിജന്‍സ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

അതേസമയം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമായ കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇതിലെ പ്രോട്ടോകോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രമാണ്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News