തൃശൂർ - ആലപ്പുഴയിൽനിന്ന് തൃശൂരിലേക്ക് സി.പി.എം സംസ്ഥാന സമ്മേളനമെത്തുമ്പോൾ സീറോ ആയിരുന്ന വി.എസ് ഒറ്റ കത്തുകൊണ്ട് അവസാന നിമിഷം തൃശൂർ സമ്മേളനത്തിലെ ഹീറോ ആയിരിക്കുന്നു. രക്തപതാക തേക്കിൻകാട് മൈതാനിയിൽ പാറിപ്പറന്ന് മണിക്കൂറുകൾ കഴിയും മുമ്പേ വി.എസ്.അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്തായി. കെ.എം.മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യം സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്യരുതെന്നാവശ്യപ്പെട്ട് വി.എസ്. സീതാറാം യെച്ചൂരിക്കയച്ച കത്താണ് തൃശൂർ സമ്മേളനത്തെ ഇളക്കി മറിക്കാൻ പോകുന്നത്.
തൃശൂർ സമ്മേളനത്തിൽ വി.എസും വി.എസ് അനുകൂലികളും ഒന്നുമല്ലാതിരുന്ന അവസ്ഥയാണ് ഇതോടെ മാറിയിരിക്കുന്നത്. വി.എസിന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ശ്രദ്ധേയമായി. ഇ.പി.ജയരാജൻ കെ.എം.മാണിയെ വാനോളം പുകഴ്ത്തി വിശുദ്ധപദവി കൽപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സി.പി.എം സമ്മേളനത്തിലെ സെമിനാറിൽ മാണിയെ പങ്കെടുപ്പിക്കാൻ സി.പി.എം നേതാക്കൾ വാശിയോടെ മത്സരിക്കുകയും തൊടുന്യായങ്ങൾ നിരത്തി മാണിയെ ക്ഷണിച്ച നടപടിയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം മൗനത്തിന്റെ വാത്മീകമണിഞ്ഞിരുന്ന വി.എസ്. കൃത്യസമയത്ത് പറയേണ്ട കാര്യങ്ങൾ പറയേണ്ട പോലെ പറഞ്ഞിരിക്കുകയാണ്. സമ്മേളനം തുടങ്ങും മുമ്പ് താനയച്ച കത്തിനെക്കുറിച്ച് തന്നെ ഇപ്പോഴും വിശ്വസിക്കുന്ന ജനങ്ങളും പ്രവർത്തകരും അറിയണമെന്ന് വി.എസിനും നിർബന്ധമായിരുന്നുവെന്ന് അവസാന നിമിഷത്തെ ഈ നീക്കത്തിൽ നിന്നും മനസിലാക്കാം.
വി.എസ്. പതുങ്ങിയത് ഒളിക്കാനല്ലെന്നും കുതിക്കാനാണെന്നും ഒപ്പമുള്ളവർക്ക് പോലും മനസിലായത് കത്തിന്റെ കാര്യം പുറത്തുവന്നപ്പോഴാണ്. ഇന്ന് പ്രതിനിധി സമ്മേളനത്തിന് പതാക ഉയർത്തുന്നത് വി.എസാണ്. സമ്മേളനത്തിന്റെ ഉദ്ഘാടനം യെച്ചൂരിയും.
മാണിയെ കൂടെ നിർത്താനുള്ള പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ മോഹങ്ങൾക്കു മേലാണ് വി.എസിന്റെ കത്ത് പറന്നിറങ്ങിയിരിക്കുന്നത്. മാണിയെ എൽ.ഡി.എഫിലെടുക്കാനുള്ള സി.പി.എം വ്യഗ്രതക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗവും പ്രവർത്തകരും സാധാരണ ജനങ്ങളും എതിർപ്പ് പ്രകടമാക്കിയിരുന്നു. എന്നാൽ പാർട്ടിയെ കയ്യടക്കിവെച്ചിരിക്കുന്നവരുടെ തീരുമാനങ്ങൾക്കെതിരെ ശബ്ദമുയർത്താനുള്ള നട്ടെല്ല് ആർക്കുമുണ്ടായില്ല. എതിർക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടു കൂടി അതിനു സാധിക്കാതെ റാൻ മൂളി നിന്നവരുടെ പ്രതിശബ്ദമായിരിക്കുകയാണ് വി.എസ്.അച്യുതാനന്ദൻ.