റിയാദ് - പൊതുമാപ്പ് അവസാനിച്ചതിനുശേഷം സുരക്ഷാ വകുപ്പുകൾ രാജ്യത്ത് നടത്തിയ റെയ്ഡുകളിൽ ആറര ലക്ഷത്തോളം നിയമ ലംഘകർ പിടിയിലായി. നവംബർ 15 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ നടത്തിയ റെയ്ഡുകളിൽ 6,45,802 നിയമ ലംഘകരാണ് പിടിയിലായത്. 4,49,255 പേർ ഇഖാമ നിയമ ലംഘകരും 1,38,371 പേർ തൊഴിൽ നിയമ ലംഘകരും 58,176 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി സൗദിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച 9,184 പേരും പിടിയിലായി. ഇവരിൽ 65 ശതമാനം യെമനികളും 32 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി വിദേശങ്ങളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച 523 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി.
അനധികൃത താമസക്കാർക്ക് സഹായ സൗകര്യങ്ങൾ നൽകിയ 1,252 വിദേശികളും 195 സൗദികളും അറസ്റ്റിലായിട്ടുണ്ട്. സൗദികളിൽ 178 പേരെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. 17 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്.
ഇതിനകം 1,15,830 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 90,792 പേരുടെ യാത്രാ രേഖകൾക്കായി എംബസികളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു. 1,53,705 നിയമ ലംഘകരെയാണ് ഇതിനകം നാടുകടത്തിയത്.