Sorry, you need to enable JavaScript to visit this website.

വിവാഹ പ്രായം ഉയർത്തുന്നതിൽ എതിർപ്പില്ലെന്ന് ഓർത്തഡോക്‌സ് സഭ

കോട്ടയം- സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനോട് ഓർത്തഡോക്‌സ് സഭക്ക് എതിർപ്പില്ലെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ മലങ്കര ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കോട്ടയത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ തർക്കത്തിൽ അഭിപ്രായസമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കാതോലിക്കാ ബാവ പറഞ്ഞു. യാക്കോബായ വിഭാഗത്തെ ചില വ്യവസ്ഥകളോടെ അംഗീകരിക്കുന്ന കാര്യത്തിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനി നിലപാട് പറയേണ്ടത് യാക്കോബായ സഭ ആണ്. സുപ്രീം കോടതി വിധി പ്രകാരം ഇരു സഭകളും ഒന്നാകണം. സർക്കാരിന്റെ ഭാഗത്തുനിന്ന് സഹകരണത്തിന് കുറവുണ്ടായിട്ടില്ല. സർക്കാർ കോടതി വിധി നടപ്പിലാക്കും എന്നാണ് വിശ്വാസം. സഭയെ അംഗീകരിക്കുന്ന പള്ളികൾ ആണെങ്കിൽ സഭയോട് ചേർത്തിരിക്കും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സമാധാനം ഉണ്ടാകുമോ എന്നു പറയേണ്ടത് യാക്കോബായ സഭയാണ്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പ് ഫെബ്രുവരി 25 ന് നടക്കുമെന്ന് മലങ്കര ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ  അറിയിച്ചു. തെരഞ്ഞെടുക്കപ്പെടേണ്ട മെത്രാപ്പോലീത്താമാരുടെ നാമനിർദേശം സ്വീകരിച്ചു തുടങ്ങി. ഡിസംബർ 28 ആണ് നാമനിർദേശം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. തുടർന്ന് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ സ്‌ക്രീനിംഗ് കമ്മിറ്റി കൂടി നാമനിർദേശങ്ങൾ പരിശോധിച്ച് അനുയോജ്യരായ 14 പേരുടെ ലിസ്റ്റ് കാതോലിക്കാ ബാവക്ക് സമർപ്പിക്കും. അതിൽ നിന്നും 11 പേരെ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത് അസോസിയേഷനിൽ സമർപ്പിക്കും. അതിൽനിന്നും ഏഴുപേരെ അസോസിയേഷൻ തെരഞ്ഞെടുക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ്‌പോൾസ് പള്ളി അങ്കണത്തിൽ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ വെച്ചായിരിക്കും സമ്മേളനം. സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, പി.ആർ.ഒ. ഫാ. മോഹൻ ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 

Latest News