കണ്ണൂർ- സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് രണ്ടാമത് സംസ്ഥാന സമ്മേളന പ്രഖ്യാപനം ഞായറാഴ്ച സ്റ്റേഡിയം കോർണറിൽ നടക്കും. ഉത്തർ പ്രദേശിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സി.എ.എ വിരുദ്ധ സമര നായകനുമായ മൗലാനാ മദനി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് മാസം അവസാനം എറണാകുളത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
ജമാഅത്തെ ഇസ്്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി. റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് തമന്ന സുൽത്താൻ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദ് അലി, ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡന്റ് സാജിദ് നദ്‌വി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എ. സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിക്കുന്ന യുവജന റാലി സ്റ്റേഡിയം കോർണറിൽ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സി.ടി. സുഹൈബ് (സംസ്ഥാന വൈസ് പ്രസിഡന്റ്), ഷബീർ കൊടുവള്ളി, (സംസ്ഥാന സെക്രട്ടറി), മുസദ്ദീൻ (ജില്ലാ ജന. സെക്രട്ടറി), മുഹമ്മദ് ശിഹാദ്, മുസദ്ദീൻ (ജില്ലാ സെക്രട്ടറിമാർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സാമൂഹ്യ വിഷയങ്ങൾക്ക് പകരം ഭരണകൂട ഭീകരത പോലുള്ളവക്കെതിരെയുള്ള പോരാട്ടത്തിനാണ് സോളിഡാരിറ്റി ശ്രദ്ധ നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഘടന രൂപീകരിച്ച് ആദ്യ പത്തുവർഷം സിവിൽ പൊളിറ്റിക്‌സിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പരിസ്ഥിതി വിഷയങ്ങളിൽ ഉൾപ്പെടെ സമരമുഖങ്ങൾ തുറക്കുകയും ഇവയെല്ലാം പൊതുജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വെൽഫെയർ പാർട്ടിയെന്ന രാഷ്ട്രീയ മുഖം ആരംഭിച്ചതോടെ ഇത്തരം സമരങ്ങളിൽ ഇവർക്ക് പിൻതുണ നൽകി വരികയാണെന്നും അവർ പറഞ്ഞു.
മത സൗഹാർദത്തിന് പേര് കേട്ട കേരളത്തിലും സംഘപരിവാർ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. നേരത്തെ യു.പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണപ്പെട്ട സംഭവങ്ങളാണിപ്പോൾ കേരളത്തിലും ആവർത്തിക്കുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ കൃത്യമായി ഇടപെടാൻ സർക്കാർ തയാറാവുന്നില്ല. വോട്ടു ബാങ്ക് ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ ഇടപെടൽ ഈ ധ്രുവീകരണ പ്രകിയക്ക് ആക്കം കൂട്ടുന്നതാണ്. -നേതാക്കൾ പറഞ്ഞു.
സംഘപരിവാർ ധ്രുവീകരണത്തിനെതിരെ സമുദായത്തെ ബോധവൽക്കരിക്കാനും, ഇതിനെ ചെറുക്കാനുമാണ് സോളിഡാരിറ്റി ശ്രമങ്ങൾ നടത്തുന്നത്. മുസ്‌ലിം സമുദായത്തെയാണ് സംഘ പരിവാർ സംഘടനകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ്, ഹലാൽ ഭക്ഷണം തുടങ്ങിയ പ്രചാരണങ്ങൾ വ്യാപകമായി അഴിച്ചുവിടുന്നത്. മുസ്‌ലിം സമുദായത്തെ പൈശാചികമായി ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. ഇതിനെതിരെ സമുദായത്തിനകത്ത് ബോധവൽക്കരണം നടത്തുകയും സംഘപരിവാർ നീക്കങ്ങളെ ചെറുക്കുകയുമാണ് സംഘടന ഉദ്ദേശിക്കുന്നത്. സമുദായത്തിനെതിരെയുള്ള നീക്കം വ്യാപകമായി ചർച്ച ചെയ്യപ്പെടണം. ഇതിനാണ് മുൻതൂക്കം നൽകുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.