കൊണ്ടോട്ടി- ഗൾഫ് യാത്രക്കാരുടെ ബാഗേജുകൾ കൊളളയടിക്കപ്പെടുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണെന്ന് സൂചന. കരിപ്പൂർ ബാഗേജ് കൊളളയുടെ പാശ്ചാത്തലത്തിൽ എയർപോർട്ട് അഥോറിറ്റി വിമാനത്താവളത്തിലെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചതിൽനിന്നാണ് മോഷണം നടന്നത് കരിപ്പൂരിലല്ലെന്ന് ബോധ്യമായത്. അതിനിടെ കഴിഞ്ഞ ഒരുമാസത്തിനിടെ എയർഇന്ത്യ എക്‌സ്പ്രസിന് ഇരുപത് യാത്രക്കാർ ബാഗേജുകൾ കൊളളയടിക്കപ്പെട്ടതായി പരാതി നൽകിയിട്ടുണ്ട്. കരിപ്പൂർ,നെടുമ്പാശ്ശേരി,തിരുവനന്തപുരം,മുംബൈ,ദില്ലി,മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമായാണ് ഇരുപത് പരാതികൾ ലഭിച്ചത്.
ചൊവ്വാഴ്ച കരിപ്പൂരിൽ ആറ് യാത്രക്കാരുടെ ബാഗേജുകളിൽ നിന്നാണ് വിലപിടിപ്പുളള സാധനങ്ങൾ നഷ്ടപ്പെട്ടത്. ഹാൻഡ് ബാഗേജിലും ലഗേജിലുമുളള ബാഗുകളിലെ പൂട്ട് തകർത്താണ് യാത്ര രേഖകൾ, വിലപിടിപ്പുള്ള വസ്തുക്കൾ,വിദേശ കറൻസി,വാച്ച്,സ്വർണം തുടങ്ങിയവ അപഹരിച്ചിട്ടുളളത്. കേരളം ഉൾപ്പെടെയുളള വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ പുറപ്പെടുന്നത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണ്. ഈ വിമാനത്തിൽ എത്തിയവർക്കാണ് ബാഗ് നഷ്ടമായത്. എന്നാൽ ദുബായിൽ നിന്നുളള മറ്റു വിമാനങ്ങളിലെത്തിയവർക്ക് ബാഗേജിൽനിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല.
ദുബായ് വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാർക്ക് ലഗേജ് കൈമാറുന്നിടത്ത് വെച്ചാണ് പെട്ടികൾ പൊട്ടിക്കുന്നതെന്നാണ് സംശയം. ഹാൻഡ് ബാഗേജായി കൊണ്ടുവരുന്നവയിലാണ് യാത്രക്കാർ കൂടുതലും വിലപിടിപ്പുളള സാധനങ്ങൾ വെക്കാറുളളത്. യാത്രക്കൊപ്പം കയ്യിൽ കരുതാമെന്നുളളതും ദേഹ പരിശോധനക്കൊപ്പം ലഗേജ് പരിശോധന കഴിഞ്ഞ് നേരിട്ട് ലഭിക്കുമെന്നതിനാലും പാസ്‌പോർട്ട് അടക്കമുളളവ യാത്രക്കാർ കയ്യിലുളള ബാഗിലാണ് വെക്കുക. എന്നാൽ ഹാൻഡ് ബാഗേജ് എട്ട് മുതൽ 10വരെ കിലോയിൽ കൂടാൻ പാടില്ലെന്നാണ് നിയമം. ഓരോ വിമാന കമ്പനികൾക്കും ഇത് വ്യത്യസ്ത രീതിയിലാണ്.
ദുബായിലെ സുരക്ഷ പരിശോധനയിൽ ഹാൻഡ് ബാഗ് വലിപ്പം കൂടിയതാണെങ്കിൽ ഇവ വിമാനം കയറുന്നതിന് മുമ്പ് തന്നെ ജീവനക്കാർ ലഗേജിലേക്ക് മാറ്റാൻ ആവശ്യപ്പെടും. കൈയിൽ വെക്കുന്ന ബാഗാണെന്ന് കരുതി ഉറപ്പുളള പൂട്ടുകളോ, ബാഗേജ് പൂർണ്ണമായും ആവരണം ചെയ്യുകയുമില്ല. ഇത്തരം ബാഗുകളിൽ നിന്നാണ് സാധനങ്ങൾ കൂടുതൽ മോഷണം പോയിട്ടുളളതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ലഗേജിലുളള ബാഗുകളും പൊട്ടിച്ച പരാതികളും എയർ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 20 പരാതികൾ ലഭിച്ചിട്ടും വിമാന കമ്പനി തുടരന്വേഷണം വൈകിപ്പിച്ചതാണ് മോഷണം തുടരാനിടയായത്.
വിമാന കമ്പനിയുടെ പരാതിയിൽ ദുബായിൽ അന്വേഷണം
കരിപ്പൂരിൽ യാത്രക്കാരുടെ ബാഗേജിൽ നിന്ന് വിലപിടിപ്പുളള സാധനങ്ങൾ മോഷണം പോയത് സംബന്ധിച്ച് വിമാന കമ്പനി പരാതി നൽകി. എയർഇന്ത്യ എക്‌സ്പ്രസ് ദുബായ് റീജണൽ മാനേജറാണ് ദുബായ് പോലീസ്, ദുബായ് ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗങ്ങൾക്ക് പരാതി നൽകിയത്. ഇതിൽ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിൽ നിന്നാണ് ബാഗേജിലെ വിലപിടിപ്പുളള സാധനങ്ങൾ മോഷണം പോയത്.എയർപോർട്ട് അഥോറിറ്റി,കേന്ദ്ര സുരക്ഷ സേന,പോലീസ് എന്നിവർ നടത്തിയ പരിശോധനയിൽ മോഷണം കരിപ്പൂരിൽ നടന്നതല്ലെന്ന് ബോധ്യമായി. വിമാനത്താവളത്തിലെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചതിൽ നിന്നാണ് മോഷണം കരിപ്പൂരിൽ നടന്നിട്ടില്ലെന്ന് ബോധ്യമായത്.
പരാതി ഉയർന്ന യാത്രക്കാരുടെ ബാഗേജുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ദുബായിലാണ്. ദുബായ് എയർപോർട്ട് അഥോറിറ്റിയും സുരക്ഷ ഏജൻസികളും വിഷയം ഏറ്റെടുക്കുകയും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എയർപോർട്ട് അഥോറിറ്റി അറിയിച്ചു. കരിപ്പൂരിൽനിന്നും യാത്ര പുറപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതുവരെ സമാന രീതിയിലുളള പരാതികളൊന്നും ലഭിച്ചിട്ടില്ല. കരിപ്പൂരിലെ സുരക്ഷാ നടപടികൾ ഫലപ്രദമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കരിപ്പൂരിൽ 24 അന്താരാഷ്ട്ര വിമാനങ്ങൾ ദിനേന വരുന്നുണ്ട്. ദുബായിലെ ടെർമിനൽ ടുവിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പരാതിെപ്പട്ടത്.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മോഷ്ടാക്കളുണ്ട് സൂക്ഷിക്കുക
ഗൾഫ് യാത്രക്കാർ വിലപിടിച്ച സാധനങ്ങൾ കൊണ്ടുവരുമ്പോൾ സൂക്ഷ്മതയും ശ്രദ്ധയും പുലർത്താൻ ശ്രദ്ധിക്കണം. വിലപിടിച്ച സാധനങ്ങൾ സൂക്ഷിച്ച ഹാൻഡ് ബാഗ് കൈവശം വെക്കാൻ അനുവദിക്കാതെ ലഗേജിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയാണെങ്കിൽ അവ പൂർണ്ണമായും മാറ്റിയതിനുശേഷം ലഗേജ് കൈമാറുക. ഡി.ഡി,ചെക്കുകൾ,കറൻസി,വിലപ്പെട്ട രേഖകൾ,സ്വർണം അടക്കം കൈവശം വെച്ചതിന് ശേഷമേ ഹാൻഡ് ബാഗേജ് ഉദ്യോഗസ്ഥർക്ക് ലഗേജിലേക്ക് മാറ്റാൻ കൊടുക്കാവൂ.
വിലപിടിപ്പുളള സാധനങ്ങൾ ചെറിയ ഹാൻഡ് ബാഗിൽ കൊണ്ടുവരാനും ശ്രദ്ധിക്കണം. അനുവദനീയമായ തൂക്കത്തിൽ മാത്രം ഹാൻഡ് ബാഗേജ് കൊണ്ടുവരിക. ബാഗുകൾ വിമാനത്താവളത്തിൽ വെച്ച് പ്രത്യേകം ആവരണം ചെയ്യുന്നതും ഏറെ ഗുണകരമായിരിക്കും. ചെറിയ പൂട്ടുകളും മറ്റും പെട്ടെന്ന് പൊട്ടിക്കാൻ എളുപ്പമായിരിക്കും.
കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവർ ബാഗേജ് നഷ്ടപ്പെട്ടാലും പരാതി പറയാൻ തുനിയാത്തതാണ് നിലവിൽ മോഷണ പരമ്പര വർധിക്കുന്നത്.