റിയാദ് - സൗദി അറേബ്യയിലും ജിസാനും അബഹ എയര്‍പോര്‍ട്ടും ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ സ്‌ഫോക വസ്തുക്കള്‍ നിറച്ച് അയച്ച ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു.
അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലേക്ക് അയച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു തൊട്ടു മുമ്പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു. തകര്‍ന്ന ഡ്രോണ്‍ ഭാഗങ്ങള്‍ എയര്‍പോര്‍ട്ട് കോമ്പൗണ്ടില്‍ ചിതറിത്തെറിച്ചു. ആര്‍ക്കും പരിക്കില്ല. ഡ്രോണ്‍ ആക്രമണ ശ്രമം അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. എയര്‍പോര്‍ട്ട് സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടര്‍ന്നു.
സന്‍ആയില്‍ ഹൂത്തികളുടെ ഏഴു ഡ്രോണ്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ വ്യോമാക്രമണങ്ങളിലൂടെ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. സന്‍ആയില്‍ സെന്‍ട്രല്‍ സെക്യൂരിറ്റി ക്യാമ്പിലെ ആയുധപ്പുരകളും ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പുലര്‍ച്ചെയാണ് സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തിയത്.
ജിസാന്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചതിന്റെ തൊട്ടുപിന്നാലെയാണ് സന്‍ആയില്‍ സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തിയത്. ജിസാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഹൂത്തികള്‍ അയച്ച സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം സഖ്യസേന തകര്‍ക്കുകയായിരുന്നു.
ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് സാധാരണക്കാര്‍ അകന്നു നില്‍ക്കണമെന്നും ഇവിടങ്ങളില്‍ തടിച്ചുകൂടരുതെന്നും സഖ്യസേന ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന് ശക്തമായ വ്യോമാക്രമണങ്ങളിലൂടെ തിരിച്ചടി നല്‍കുമെന്നും സഖ്യസേന പറഞ്ഞു.
അതിനിടെ, ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് അയച്ച ആയുധ ശേഖരം അമേരിക്കന്‍ നാവിക സേന പിടികൂടി. അറബിക്കടലിന് വടക്കു വെച്ചാണ് മത്സ്യബന്ധന കപ്പലില്‍ കടത്തുകയായിരുന്ന ആയുധ ശേഖരം അമേരിക്കന്‍ നാവിക സേനക്കു കീഴിലെ ഫിഫ്ത്ത് ഫഌറ്റിനു കീഴിലെ രണ്ടു കപ്പലുകള്‍ പിടികൂടിയത്.