കോട്ടയം - സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ച ഫാ. തോമസ് കോട്ടൂരിന് ശിക്ഷ ഇളവു ചെയ്യണം എന്നുള്ള വിടുതൽ അപേക്ഷ സർക്കാർ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കു പരാതി നൽകി.
ഇരട്ടജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് അഞ്ചു മാസം തികച്ചു ജയിലിൽ കിടക്കുന്നതിന് മുമ്പ്്് തോമസ് കോട്ടൂരിന് 139 ദിവസം സർക്കാർ പരോൾ അനുവദിച്ച സർക്കാർ ഇപ്പോൾ 70 കഴിഞ്ഞതിനാൽ ശിക്ഷ ഇളവ് ചെയ്യാനുളള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പണവും സ്വാധീനവും അധികാരവുമുള്ള കുറ്റവാളികളെ കോടതി ശിക്ഷിച്ചാൽ പോലും സ്വതന്ത്രമായി നടക്കാൻ കഴിഞ്ഞാൽ, ജനങ്ങൾക്ക് നിയമവ്യവസ്ഥയോടും സർക്കാറിനോടുമുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കും.
1992 മാർച്ച് 27ന് നടന്ന കൊലപാതകം, പ്രതികൾ അന്വേഷണ ഏജൻസികളെ എല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയായിയിരുന്നു.നീട്ടിക്കൊണ്ടുപോയി 28 വർഷം കഴിഞ്ഞ്, അഭയ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ഡിസംബർ 23ന് ആയിരുന്നു. അത്ിനുശേഷം തനിക്ക്്് 70 വയസു കഴിഞ്ഞതിനാൽ,സർക്കാർ ശിക്ഷ ഇളവ് ചെയ്യണമെന്നുള്ള പ്രതിയുടെ ആവശ്യം ഒരിക്കലും നീതീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം ഫാ. തോമസ് കോട്ടൂരിനെ ശിക്ഷ ഇളവ് ചെയ്ത് ജയിലിൽ നിന്നും മോചിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകും. അതിനാൽ ശിക്ഷ ഇളവ് ചെയ്യരുതെന്ന് പോലീസ് റിപ്പോർട്ട് നൽകിയതായും ജോമാൻ പറഞ്ഞു.എന്നാൽ രാഷ്ട്രീയ സ്വാധീനത്തിൽ അത് അട്ടിമറിക്കപ്പെട്ടേക്കും.