റിയാദ് - ഹജ്, ഉംറ തീർഥാടകർക്ക് സ്വദേശങ്ങളിൽ വെച്ച് വിരലടയാളങ്ങളും നേത്ര അടയാളങ്ങളും സ്മാർട്ട് ഫോണുകൾ വഴി സ്വയം രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന സേവനം ബംഗ്ലാദേശിൽ നിലവിൽവന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ബംഗ്ലാദേശിൽ സേവനം ആരംഭിച്ചത്. ഹജ്, ഉംറ തീർഥാടകരുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരമാണ് വിദേശ മന്ത്രാലയം പുതിയ സേവനം ആരംഭിച്ചത്.
ബംഗ്ലാദേശിലെ സൗദി അംബാസഡർ ഈസ അൽദുഹൈലാനും ആഭ്യന്തര, ഹജ്-ഉംറ, ടൂറിസ, കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ പ്രതിനിധികളും ദേശീയ സുരക്ഷാ സേന, നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതിനിധികളും ഹജ്, ഉംറ ഓഫീസീസ് ഉടമകളും ബംഗ്ലാദേശിലെ പിൽഗ്രിംസ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ശഹദാത്ത് ഹുസൈനും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്മാർട്ട് ഫോണുകൾ വഴി ഹജ്, ഉംറ തീർഥാടകരുടെ ബയോമെട്രിക്‌സ് വിവരങ്ങൾ സ്വയം രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന, സൗദി വിസ ബയോ എന്ന പേരിൽ ആരംഭിച്ച ആപ്പ് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. ആപ്പ് പ്രവർത്തിപ്പിക്കുന്ന രാജ്യങ്ങളിലെ ഹജ്, ഉംറ തീർഥാടകർക്ക് തങ്ങളുടെ വീടുകളിൽ വെച്ച് സ്മാർട്ട് ഫോണുകൾ വഴി എളുപ്പത്തിൽ വിരലടയാളങ്ങളും നേത്ര അടയാളങ്ങളും ഫോട്ടോകളും രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈയാവശ്യാർഥം വിസ ഇഷ്യു ചെയ്യുന്ന കേന്ദ്രങ്ങളെ തീർഥാടകർ നേരിട്ട് സമീപിക്കേണ്ടതില്ല.