റിയാദ് - സൗദിയിൽ കൂടുതൽ മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്ന് സൗദിവൽക്കരണ, വനിതാ ശാക്തീകരണ കാര്യങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ മാജിദ് അൽദുഹവി വെളിപ്പെടുത്തി. മീഡിയ, കൺസൾട്ടൻസി, വിനോദം അടക്കമുള്ള മേഖലകളിലാണ് സൗദിവൽക്കരണം നിർബന്ധമാക്കുക. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന കാര്യത്തിൽ മുഴുവൻ സാമ്പത്തിക സൂചനകളും പ്രതീക്ഷ നൽകുന്നതാണ്. വിഷൻ 2030 പദ്ധതി ഫലങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്.
സ്വദേശി വനിതകളുടെ തൊഴിൽ പങ്കാളിത്തം 34 ശതമാനത്തിലേറെയായി ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ വിഷൻ 2030 പദ്ധതി ലക്ഷ്യം ഇതിനകം മറികടന്നു. ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 21.5 ശതമാനത്തിൽ നിന്ന് 23.6 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷം നിരവധി സൗദിവൽക്കരണ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്തും ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം വർധിക്കാൻ ഇതിലൂടെ സാധിക്കുമെന്നും എൻജിനീയർ മാജിദ് അൽദുഹവി പറഞ്ഞു.