Sorry, you need to enable JavaScript to visit this website.

പി.ടി തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, എം.ബി രാജേഷ്

പി.ടി തോമസിനെ കേരള സ്പീക്കര്‍ എം.ബി രാജേഷ് അനുസ്മരിക്കുന്നു

ശ്രീ. പി. ടി. തോമസിന്റെ വിയോഗവാർത്ത വളരെ ദുഃഖവും വേദനയും ഉളവാക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് വെല്ലൂരിലെ ആശുപത്രിയിൽ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്. ആശുപത്രിയിൽ നിന്ന് സംസാരിച്ചു പിരിയുമ്പോൾ, നിയമസഭയുടെ ബജറ്റ് സമ്മേളനമാകുമ്പോഴേക്ക് ചികിത്സ പൂർത്തിയാക്കി തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസമാണ് പി ടി പ്രകടിപ്പിച്ചത്. ബജറ്റ് സമ്മേളനത്തിൽ സഭയിലെത്താമെന്ന പ്രത്യാശയോടെ പിരിഞ്ഞ് ഇത്ര പെട്ടെന്ന് ഈ വിയോഗവാർത്തയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. അദ്ദേഹത്തിന് രോഗബാധയുണ്ടായത് മുതൽ, ആദ്യം മുംബൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെല്ലൂർ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമൊക്കെ ചെയ്തപ്പോൾ ഓരോ ഘട്ടത്തിലും അദ്ദേഹവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്ട് ഞാൻ രോഗവിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചതിനു ശേഷം മിനിയാന്ന് വൈകിട്ടും ഞാൻ അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിച്ചിരുന്നു. പുരോഗതിയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാം. എന്നാൽ അതെല്ലാം ഇപ്പോൾ അസ്ഥാനത്തായിരിക്കയാണ്.

ശ്രീ. പി. ടി. തോമസിന്റെ പേര് ആദ്യം കേൾക്കുന്നത് ഞാനൊരു സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. അദ്ദേഹം അന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഞാൻ ഒരു എസ് എഫ് ഐ പ്രവർത്തകനും. പിന്നീട് പി. ടി. തോമസ് എന്ന രാഷ്ട്രീയ പ്രവർത്തകന്റെ വളർച്ച ദൂരെനിന്ന് ഞാൻ കണ്ടിട്ടുണ്ട്. അതിനുശേഷം പാർലമെന്റിൽ ഒരുമിച്ച് അഞ്ചു വർഷം സഹപ്രവർത്തകരായിരുന്നു.പാർലമെന്റിലെ പ്രവർത്തനത്തിന് ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി നിയമസഭയിലും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം കിട്ടി. ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അടുത്തുനിന്ന് വീക്ഷിച്ചപ്പോൾ ചില സവിശേഷതകൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിയമനിർമാണ സഭകളിലെ പ്രവർത്തനങ്ങളിൽ അദ്ദേഹം പുലർത്തുന്ന തികഞ്ഞ ഉത്തരവാദിത്വവും പ്രതിബദ്ധതയുമാണ് ഏറ്റവും ശ്രദ്ധേയമായി തോന്നിയിട്ടുള്ളത്. പാർലമെന്റിൽ അഞ്ചു വർഷം പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹാജർ 100 ശതമാനമായിരുന്നു. ഒരു ദിവസം പോലും അദ്ദേഹം സഭയിൽ ഹാജരാവാതിരുന്നില്ല. നിയമസഭയിലും സഭ തുടങ്ങിയാൽ പിരിയുംവരെ സ്വന്തം സീറ്റിൽ ശ്രീ. പി. ടി. തോമസ് ഉണ്ടായിരിക്കും. ജാഗ്രതയോടെ സഭാനടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്, ഇടപെടേണ്ട ഒരു സന്ദർഭവും പാഴാക്കാതെ ശക്തമായി ഇടപെട്ടും നല്ല ഗൃഹപാഠം ചെയ്തുകൊണ്ടുമാണ് നിയമനിർമാണവേദികളിൽ, പ്രത്യേകിച്ച് നിയമസഭയിൽ അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരുന്നത്. ബില്ലുകൾ വളരെ ആഴത്തിൽ പഠിച്ച് അതിന്റെ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം പ്രത്യേകം പ്രാവീണ്യം പ്രകടിപ്പിച്ചു. ഇതൊക്കെ പുതിയ സാമാജികർക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാവുന്ന കാര്യങ്ങളാണ്.

അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത നിലപാടുകളിൽ പുലർത്തിയ ദാർഢ്യമാണ്. അദ്ദേഹത്തിന്റെ നിലപാടുകളോട് നമുക്ക് രാഷ്ട്രീയമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകളെ വിലമതിക്കാതിരിക്കാനാവില്ല. നിലപാടുകൾക്ക് കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചോ ലാഭനഷ്ടങ്ങളെക്കുറിച്ചോ ചിന്തിക്കാതെ അതിൽ ഉറച്ചുനിൽക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

ശ്രീ. പി. ടി തോമസിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും മാത്രമല്ല, നാടിനാകെ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

Latest News