കൊച്ചി- കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും വേറിട്ട നിലപാട് സ്വീകരിച്ച പി.ടി തോമസിന്റെ അന്ത്യാഭിലാഷവും വേറിട്ടത്. മൃതദേഹത്തിൽ റീത്ത് വെയ്ക്കരുതെന്നും രവിപുരം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിപ്പിക്കണമെന്നും പി.ടി തോമസ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വയലാറിന്റെ
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി എന്ന ഗാനം പതിഞ്ഞ ശബ്ദത്തിൽ ശവസംസ്‌കാര ചടങ്ങുകളിൽ കേൾപ്പിക്കണെന്നും പി.ടി തോമസ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ കണ്ണുകൾ ദാനം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് വെല്ലൂർ ആശുപത്രിയിൽ പി.ടി തോമസ് മരിച്ചത്. വൈകുന്നേരത്തോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. പി.ടിയുടെ നിര്യാണത്തിൽ നിരവധി രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും അനുശോചിച്ചു.