ആലപ്പുഴ- കേരളത്തെ നടുക്കിയ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കലക്‌ട്രേറ്റില്‍ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പോലിസിനെ കടന്നാക്രമിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ രംഗത്തെത്തി. മുന്‍പ്രതിപക്ഷ നേതാവും ഹരിപ്പാട് എം എല്‍ എയുമായ രമേശ് ചെന്നിത്തല പോലിസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയപ്പോള്‍ സി പി എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഇതേ നിലപാട് തന്നെ ആവര്‍ത്തിച്ചത് മന്ത്രിമാരെ ഞെട്ടിച്ചു.
ജില്ലയിലെ പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് നാസര്‍ പറഞ്ഞു. സര്‍ക്കാര്‍പോലിസ് നിലപാടുകള്‍ക്ക് വിരുദ്ധമായി സിപിഎം ജില്ലാ സെക്രട്ടറി നിലയുറപ്പിച്ചപ്പോള്‍ മറ്റ് രാഷ്ട്രീയകക്ഷി നേതാക്കളും അത് പിന്തുടര്‍ന്നു. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ പോലിസിനെ ന്യായീകരിച്ചു.
ആഭ്യന്തര വകുപ്പ് സമ്പൂര്‍ണപരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നാട് മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് പറയുമ്പോള്‍ കഴിഞ്ഞ രാത്രിയില്‍ ഹരിപ്പാട് കാവില്‍പ്പടിക്ഷേത്രത്തില്‍ വന്‍കവര്‍ച്ച നടന്നതും ലക്ഷങ്ങള്‍ മോഷണം പോയതും ചെന്നിത്തല ചൂണ്ടിക്കാട്ടി. 144 നിലനില്‍ക്കെ ആര്യാട് കൈതത്തില്‍ ഭാഗത്ത് ആക്രമണം ഉണ്ടായി. രണ്ട് കൊലപാതകങ്ങളും നടന്നത് പോലീസിന്റെ പിടിപ്പ്‌കേട് കൊണ്ടുതന്നെയാണ്. മുസ്ലിംലീഗ്, ബി ജെ പി, എസ് ഡി പി ഐ തുടങ്ങിയവയുടെ നേതാക്കള്‍ പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തി. ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരത്തോ ആലപ്പുഴയിലോ യോഗം വിളിച്ച് ചേര്‍ക്കണം. മണ്ണഞ്ചേരിയില്‍ സംഘര്‍ഷം നടന്നപ്പോള്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആലപ്പുഴയിലെ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി പോലീസിനെ വിമര്‍ശിക്കുകയല്ല ചെയ്തതെന്നും പറഞ്ഞ് മന്ത്രി സജി ചെറിയാന്‍ തടിയൂരി.
ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്‌സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി. പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച യോഗം ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.