കണ്ണൂർ- മട്ടന്നൂരിലെ കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചേർന്ന സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. യോഗത്തിലേക്ക് യു.ഡി.എഫ് എം.എൽ.എമാരെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചത്. ഒരു എം.എൽ.എമാരെയും യോഗത്തിന് വിളിച്ചിട്ടില്ലെന്ന് സമാധാന യോഗത്തിന് നേതൃത്വം നൽകാനെത്തിയ എ.കെ ബാലൻ പറഞ്ഞു. എന്നാൽ, കെ.കെ രാഗേഷ് എം.പിയെ ഡയസിലിരുത്തിയത് മുതലാണ് യു.ഡി.എഫ് പ്രതിഷേധമുയർത്തിയത്. യു.ഡി.എഫിന്റെ നാടകമാണ് സമാധാന യോഗബഹിഷ്‌കരണമെന്ന് സി.പി.എം ആരോപിച്ചു.
സി.പി.എം എം.എൽ.എമാർക്ക് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളതുകൊണ്ടാണ് മുഴുവൻ എം.എൽ.എമാരെയും യോഗത്തിലേക്ക് വിളിക്കാതിരുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു. പി. ജയരാജൻ ഇരിക്കുന്ന സമാധാന യോഗത്തിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. വലിയ വാഗ്വാദമാണ് യോഗത്തിനിടെ ഉണ്ടായത്. തുടർന്ന് യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു. ബി.ജെ.പി അടക്കമുള്ള മറ്റ് കക്ഷികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം തുടരുകയാണ്.