Sorry, you need to enable JavaScript to visit this website.

ഷാന്‍ വധം: വത്സന്‍ തില്ലങ്കേരി സ്ഥലത്തുണ്ടായിരുന്നത് ഗൗരവത്തോടെ കാണണം-എസ്.ഡി.പി.ഐ

ആലപ്പുഴ- ഷാന്‍ കൊലപാതകത്തിലൂടെ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിച്ചതെന്നും    കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി സ്ഥലത്തുണ്ടായിരുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആരോപിച്ചു. പല കലാപക്കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വത്സന്‍ സ്ഥലത്തുണ്ടായിരുന്നത് ഗൗരവത്തോടെ കാണണമെന്ന് അഷറഫ് മൗലവി ആവശ്യപ്പെട്ടു.
മണ്ണഞ്ചേരിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഫിറോസ് എന്ന 25 കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം  വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഡിവൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളത് കൊണ്ട് എ.ആര്‍ ക്യാമ്പില്‍നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഫിറോസിനെ മര്‍ദിച്ചത്. ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത്.
ആര്‍.എസ്.എസിന് അനുകൂലമായാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നത്. ഷാന്‍ കൊലപാതകത്തില്‍ പോലീസ് തയ്യാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാനാണ് വേണ്ടിയുള്ളതാണ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അഷറഫ് മൗലവി ആരോപിച്ചു.
കൊലയ്ക്ക് കൊലയെന്നതല്ല എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ രീതി. എന്നാല്‍ ഇങ്ങോട്ട് തല്ലാന്‍ വന്നാല്‍ കവിള്‍ കാട്ടികൊടുക്കാന്‍ തയ്യാറല്ല. തല്ലാന്‍ വന്നാല്‍ കൈ പിടിക്കും. ആക്രമിക്കാന്‍ വന്നാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News