Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ ജനുവരി രണ്ട് മുതല്‍ ബൂസ്റ്റര്‍ നിര്‍ബന്ധം; വിദേശയാത്ര തടയും

കുവൈത്ത് സിറ്റി - രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ തീരുമാനം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ടവരെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരായി കണക്കാക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. മൂന്നാം ഡോസ് നിര്‍ബന്ധമാക്കുന്ന തീരുമാനം ജനുവരി രണ്ടു മുതല്‍ നടപ്പാക്കി തുടങ്ങും.
രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസം പിന്നിട്ടവരെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരായി കണക്കാക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് വിദേശ യാത്രക്ക് സാധിക്കില്ല. വിദേശങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കൊറോണ വൈറസ് മുക്തരാണെന്ന് സ്ഥിരീകരിക്കാന്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്തെത്തിയ ശേഷം പത്തു ദിവസം എല്ലാവരും ഹോം ക്വാറന്റൈന്‍ പാലിക്കണം. കുവൈത്തില്‍ പ്രവേശിച്ച് 72 മണിക്കൂറിനു ശേഷം വൈറസ് മുക്തരാണെന്ന് ഉറപ്പുവരുത്തുന്ന പി.സി.ആര്‍ പരിശോധന നടത്തിയ ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണ്. ഈ വ്യവസ്ഥകള്‍ അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമെന്നും മന്ത്രിസഭാ തീരുമാനം പറഞ്ഞു.
പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അല്‍ഖാലിദിന്റെ അധ്യക്ഷതയില്‍ അല്‍സൈഫ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ അസാധാരണ യോഗം നിരവധി രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ അതിവേഗ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തതായി ആരോഗ്യ മന്ത്രിയും വിദേശ മന്ത്രിയും മന്ത്രിസഭാ കാര്യങ്ങള്‍ക്കുള്ള ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഡോ. ബാസില്‍ അല്‍സ്വബാഹ് പറഞ്ഞു. കുവൈത്തിലെ ആരോഗ്യ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ആരോഗ്യ മന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഒമിക്രോണ്‍ വ്യാപനം തടയാന്‍ നടത്തുന്ന ശ്രമങ്ങളും മുന്‍കരുതല്‍ നടപടികളും മന്ത്രി വിശദീകരിച്ചു.
ലോകത്ത് നിരവധി രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ അനിവാര്യമല്ലാത്ത യാത്രകള്‍ സ്വദേശികളും വിദേശികളും ഒഴിവാക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും മുന്‍കരുതല്‍ നടപടികളും ആരോഗ്യ വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രിസഭ പറഞ്ഞു.

 

Latest News