കൊച്ചി- കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ചെലവ് സഹിതം ഹരജി തള്ളിയ കോടതി ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
ആറാഴ്ചക്കകം പിഴത്തുക കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടക്കണം. ഇത് തീര്‍ത്തും ബാലിശമായ ഹരജിയാണെന്നും പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പൊതുതാല്‍പര്യമല്ല പ്രശസ്തി താല്‍പര്യമാണ് ഹരജി നല്‍കിയതിന് പിന്നിലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോടതികളില്‍ ഗൗരവമുള്ള കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അനാവശ്യ കേസുകള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹരജി നല്‍കിയത്.
പണം കൊടുത്ത് വാക്‌സിനെടുത്ത ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു വാദം.
പ്രധാനമന്ത്രി മോഡിയുടെ ചിത്രം കാണുന്നതില്‍ എന്തിനു ലജ്ജിക്കണമെന്ന് കോടതി നേരത്തെ ഹരജിക്കാരനോട് ആരാഞ്ഞിരുന്നു.