ജിദ്ദ- സൗദിയിലേക്ക് നേരിട്ട് വരുന്ന യാത്രക്കാരെ നാട്ടിലെ ട്രാവല്‍ ഏജന്‍സികള്‍ ചൂഷണം ചെയ്യുകയാണെന്ന് ഖമീസ് മുശൈത്തിലെ കലാ സാംസ്‌കാരക പ്രവര്‍ത്തകന്‍ റസാഖ് കിണാശ്ശേരി.
തട്ടിപ്പിന് ഇരയാകാതെ നോക്കണമെന്നും സൗദിയിലെ ക്വാറന്റൈനും മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
ചാര്‍ട്ടേഡ് ഫ്‌ളൈറ്റായതിനാല്‍ അവസാന നിമിഷം ക്വാറന്റൈന്റെ പേരില്‍ അമിത ചാര്‍ജ് ഈടാക്കി പ്രവാസികളെ ബുദ്ധിമുട്ടിച്ച് പിഴിയുന്നത് ശ്രദ്ധിക്കണം.
അരലക്ഷം രൂപ വരെ അഞ്ച് ദിവസത്തെ ക്വാറന്റൈനു വേണ്ടി ഈടാക്കിയിട്ടും കിട്ടിയത് വളരെ മോശം ഭക്ഷണമാണ്.
സൗദിയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും കിട്ടുമെന്ന് പ്രവാസികള്‍ ഉറപ്പു വരുത്തണം. ജിദ്ദ എയര്‍പോര്‍ട്ടിനു പുറത്ത് എട്ട് മണിക്കൂറോളം അനിശ്ചിതത്വത്തില്‍ കഴിഞ്ഞ ശേഷമാണ് റൂമില്‍ എത്താനായത്.
കാലങ്ങളായി തുടര്‍ന്നു വരുന്ന പ്രവാസി ചൂഷണം ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് വന്ന് വഞ്ചിക്കപ്പെട്ട പ്രവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.