ലണ്ടൻ- അതെ, ഒൻപതാമത്തെ വട്ടം മെസി വിജയിച്ചു. യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഒൻപതാം തവണ ചെൽസിയുമായി മുഖാമുഖം വന്നപ്പോൾ ബാഴ്‌സലോണയുടെ സൂപ്പർ താരത്തിന് ഗോളടിച്ചു. ഒരു ഗോളിന് പിന്നിൽനിന്ന ബാഴ്‌സയുടെ സമനില ഗോളാണ് എഴുപത്തിനാലാമത്തെ മിനിറ്റിൽ മെസി സ്വന്തമാക്കിയത്. ഇനിയെസ്റ്റയുടെ സഹായത്തോടെയായിരുന്നു മെസിയുടെ ഗോൾ. നേരത്തെ അറുപത്തിരണ്ടാമത്തെ മിനിറ്റിൽ വില്യൻ നേടിയ ഗോളിലൂടെയാണ് ചെൽസിമുന്നിലെത്തിയത്. ചാംപ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിന്റെ ആദ്യപാദത്തിലാണ് സൂപ്പർ ടീമുകൾ ഏറ്റുമുട്ടിയത്.
ഗോളൊന്നും പിറക്കാതിരുന്ന ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളും പിറന്നത്. മത്സരത്തില്‍ 73 ശതമാനം നേരത്തും പന്ത് ബാഴ്സയുടെ അധീനതയിലായിരുന്നു.
2012 ലെ സെമി ഫൈനലിലാണ് ചാമ്പ്യൻസ് ലീഗിൽ ഈ ടീമുകളും അവസാനം ഏറ്റുമുട്ടിയത്. കിരീടത്തിലേക്കുള്ള വഴിയിൽ അന്ന് ബാഴ്‌സലോണയെ ചെൽസി അട്ടിമറിച്ചു. നൗകാമ്പിലെ രണ്ടാം പാദത്തിൽ മെസ്സി പെനാൽട്ടി പാഴാക്കി. മറ്റൊരു ഷോട്ട് ക്രോസ്ബാറിനിടിച്ച് മടങ്ങി. അവിസ്മരണീയമായിരുന്നു ആ രണ്ടാം പാദം. 0-1 ന് ചെൽസി പിന്നിൽ നിൽക്കെയാണ് മുപ്പത്തേഴാം മിനിറ്റിൽ ക്യാപ്റ്റൻ ജോൺ ടെറി ചുവപ്പ് കാർഡ് കാണുന്നത്. വൈകാതെ ബാഴ്‌സലോണ ഒരു ഗോൾ കൂടി അടിച്ചു. പത്തു പേരുമായി ഒരു മണിക്കൂറോളം പൊരുതി ഇഞ്ചുറി ടൈമിൽ കളി 2-2 സമനിലയാക്കിയ ചെൽസി മൊത്തം 3-2 ജയത്തോടെ ഫൈനലിലെത്തി.
ബാഴ്‌സലോണയെ ചെൽസി തോൽപിക്കുന്നത് രണ്ടാഴ്ച മുമ്പ് സങ്കൽപിക്കാൻ പോലുമാവില്ലായിരുന്നു. പ്രീമിയർ ലീഗിൽ ദുർബലരായ രണ്ട് ടീമുകളോട് തോൽവി വാങ്ങിയതിന്റെ ഞെട്ടലിലായിരുന്നു ചെൽസി. ബോൺമൗത്തിനോട് 0-3 നും വാറ്റ്ഫഡിനോട് 1-4 നും അവർ തോറ്റു. ബാഴ്‌സലോണയാവട്ടെ തുടർച്ചയായ വിജയങ്ങളുടെ ജൈത്രയാത്രയിലായിരുന്നു. പിന്നീട് വെസ്റ്റ്‌ബ്രോംവിച് ആൽബിയോണിനെ 3-0 നും എഫ്.എ കപ്പിൽ ഹള്ളിനെ 4-0 നും തകർത്ത് ചെൽസി ഫോം വീണ്ടെടുത്തു. അതേസമയം സ്പാനിഷ് ലീഗിൽ തുടർച്ചയായ രണ്ടു കളികളിൽ ബാഴ്‌സലോണ സമനില വഴങ്ങി.
ഈ സീസണിന്റെ തുടക്കത്തിൽ റയൽ മഡ്രീഡിനോട് തോറ്റ ശേഷം 38 കളികളിൽ ബാഴ്‌സലോണ പരാജയമറിഞ്ഞിട്ടില്ല. സ്പാനിഷ് ലീഗിൽ ഏഴ് പോയന്റ് ലീഡുണ്ട്. കോപ ഡെൽറേയിൽ ഫൈനലിലെത്തിയിട്ടുണ്ട്. 27 ഗോളടിച്ച മെസ്സിയാണ് അവരുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത്.