എന്തുകൊണ്ട് വൈസ് ചാൻസലർ? ഇംഗ്ലീഷിൽ ദൂഷ്യം എന്ന് അർഥം പറയാവുന്ന വൈസ് എന്ന വാക്ക് ചിലർക്ക് യോജിക്കാമെന്നു വരികയും ചിലർക്ക് ചേരാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? പ്രസിഡന്റിനു വൈസ് ഉണ്ടാകാം, പ്രധാനമന്ത്രിക്ക് ഡെപ്യൂട്ടി വേണം. വൈസ് ക്യാപ്റ്റൻ ആകാം, ലീഡർക്ക് വൈസ് ഉണ്ടായിക്കൂടാ. ഭാഷയിലായാൽ കുഴപ്പമില്ല. കെ.എം. മുൻഷി ഭാരതീയ വിദ്യാഭവന്റെ കുലപതി ആയി. മലയാളം കുലപതിയെ ഇനിയും ദത്തെടുത്തിട്ടില്ല.
ആൽബർട്ട് ഐൻസ്‌റ്റൈനെ എനിക്കറിയില്ല. ഗുരുത്വ സിദ്ധാന്തം എന്നൊരു കീറാമുട്ടി വിട്ടേച്ചുപോയ ആളാണെന്നു കേട്ടിരിക്കുന്നു. സിദ്ധാന്തം എത്ര ഗുരുത്വമുള്ളതായിരുന്നുവോ, അത്രയും ലാഘവമുള്ളതായിരുന്നു ഓരോരോ വിലപ്പെട്ട വസ്തുക്കൾ അദ്ദേഹം എവിടെയെങ്കിലും വെച്ചു മറന്നുപോകുന്നതിന്റെ കഥകളും. അങ്ങനെ ഉപേക്ഷയും അശ്രദ്ധയും ഇല്ലാതെ അദ്ദേഹം കൈകാര്യം ചെയ്ത ഒരു കാര്യം ഉണ്ടായിരുന്നു: തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുക്കണമോ എന്ന ചോദ്യം.
കുശാഗ്ര ബുദ്ധിയായ ഒരു ദിവാൻ അന്ത കാലത്ത് ആറായിരം രൂപ മാസ ശമ്പളത്തോടു കൂടി വൈസ് ചാൻസലർ പദവിയിലേക്ക് ഒരാളെ ക്ഷണിക്കണമെങ്കിൽ കക്ഷി ചില്ലറക്കാരനാവില്ല. ഐൻസ്‌റ്റൈൻ ആ ക്ഷണം തള്ളി പ്രിൻസ്റ്റൺ സർവകലാശാലയിലേക്ക് പോവുകയായിരുന്നു. ആ പദവിയിൽ തന്റെ പിന്മുറക്കാരായി വരാനിരിക്കുന്ന വേണാട്ടു വീരന്മാരുടെ വേലകളെപ്പറ്റി അദ്ദേഹത്തിനു നേരത്തേ ഒരു ധാരണ ഉണ്ടായിരുന്നോ? കവികൾ ക്രാന്തദർശികളാണെന്ന് അവരുടെ ശിങ്കിടികൾ നേരത്തേ ഉറപ്പിച്ചു വെച്ചിട്ടുള്ളതാണ്. അവരുടെ കൂട്ടത്തിൽ തീർച്ചയായും, കവിയല്ലെങ്കിലും ഐന്‌സ്‌റ്റൈനെയും ഉൾപ്പെടുത്താം.
ഐൻസ്‌റ്റൈനെ അറിയില്ലെങ്കിലും എനിക്കറിയാവുന്ന ഒരാളുണ്ട് 'വി.സി ആക്കല്ലേ' എന്നു വേപഥു പൂണ്ട് വിലപിക്കാൻ. കേട്ടുകേൾവി വിശ്വസിക്കാമെങ്കിൽ വി.സി ആകാമോ എന്ന അന്വേഷണം കെ. അയ്യപ്പപണിക്കർക്കു നേരേ പത്തി നീട്ടിയത് ഒരു എലിവേറ്ററിൽ ആയിരുന്നു. ഐൻസ്‌റ്റൈൻ ക്ഷണം സ്വീകരിക്കാതിരിക്കാൻ തീരുമാനിച്ചത് എത്ര നേരം കൊണ്ടായിരുന്നോ അതിന്റെ പത്തിലൊന്നൂ പോലും താമസമുണ്ടായില്ല കവിക്ക് അതിൽനിന്നു തടിയൂരാൻ. ഞാൻ ഒരിക്കൽ അതിനെപ്പറ്റി അദ്ദേഹത്തോടു ചോദിച്ചപ്പോൾ അയ്യപ്പ പണിക്കർ നരച്ച താടിരോമങ്ങളിൽ വിരലോടിച്ച് വേറെ ഏതോ ആലോചനയിൽ മുഴുകിയതോർക്കുന്നു.
പിന്നീട് വൈസ് ചാൻസലർ ആയി വന്ന ബാലമോഹൻ തമ്പിയോട് വരാൻ പരിപാടിയുണ്ടോ എന്ന് പണിക്കർ കുതൂഹലത്തോടെ അന്വേഷിച്ചതായി തമ്പി തന്നെ ഒരിടത്ത് പറയുന്നു. പണിക്കരുടെ രഹസ്യാന്വേഷണ വിഭാഗം ചോർത്തിയെടുത്ത വാർത്ത കള്ളമായിരുന്നില്ല. കുട്ടിക്കാലം മുതലേ സഹയാത്രികനായ തമ്പി മികച്ച ഇംഗ്ലീഷ് അധ്യാപകനും ഗവേഷകനുമായിരുന്നു ബനാറസ് ഹിന്ദു സർവകലാശാലയിൽ. പണ്ട് അവിടത്തെ വൈസ് ചാൻസലർ ആയിരുന്നു, സ്റ്റാലിന്റെ സോവിയറ്റ് യൂനിയനിലെ ഇന്ത്യൻ സ്ഥാനപതിയും പിന്നീട് രാഷ്ട്രപതിയുമായ ഡോക്ടർ എസ്. രാധാകൃഷ്ണൻ. എവിടെയും തത്വശാസ്ത്ര വിദ്യാർഥികൾക്ക് ഇഷ്ടനായ രാധാകൃഷ്ണൻ ഒരുവട്ടം ആന്ധ്രാ സർവകലാശാലയിലും വൈസ് ചാൻസലർ ആയി.
മാർക്‌സിസ്റ്റ് നേതാക്കൾക്ക് അഭിമതനും ശാന്തശീലനും പണ്ഡിതനുമായ ബാലമോഹൻ തമ്പിയുടെ കാലത്ത് എല്ലാം ഭദ്രമായിരുന്നുവെന്നു പറഞ്ഞുകൂടാ. പ്രധാനപ്പെട്ട കടലാസിലെല്ലാം അദ്ദേഹത്തിന്റെ ഒപ്പ് വേറെ ആരോ ചാർത്തുന്നതാണെന്നൊരു അപകീർത്തി ചിലർ പടച്ചുണ്ടാക്കിയിരുന്നു. അതെന്തായാലും എനിക്ക് നേരിട്ട് അറിയാമായിരുന്ന ഒരു കുണ്ടാമണ്ടിയിൽ അദ്ദേഹം പെട്ടുപോയി. ഒരു ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സംശയാസ്പദമായ ചില പ്രയോഗങ്ങളെപ്പറ്റി സംസാരിക്കാൻ വൈസ് ചാൻസലർ ക്ഷണിച്ച ഗ്രന്ഥകർത്താവ് സ്ഥലത്ത് എത്തിയില്ല. കാരണം, അങ്ങനെ ഒരാളേ ഇല്ലായിരുന്നു!
ഐൻസ്‌റ്റൈനും അയ്യപ്പപണിക്കരും വേണ്ടെന്നുവെച്ച പദവിയിൽ വിമ്മിട്ടപ്പെട്ടു കഴിഞ്ഞ ചിലരുടെ കഥ കേൾക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ടിൽ ഗണിതശാസ്ത പ്രൊഫസർ ആയിരുന്ന ആർ.എസ്. കൃഷ്ണൻ വലിയ ഗവേഷണ പ്രതീക്ഷകളോടെ വൈസ് ചാൻസലർ ആയി. അത്ര തന്നെ നൈരാശ്യത്തോടെയും നീരസത്തോടെയും അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു.
കണിയാപുരത്തുകാരൻ പി.എസ്. ഹബീബ് മുഹമ്മദ് പ്രധാന ഭക്ഷണം പുസ്തകമാക്കിയ ആളായിരുന്നു. പുസ്തകം വായിക്കുന്ന ഒരാൾ വി.സി ആകാൻ പോകുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് നോട്ടമുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പരിഭവിച്ചു. ഒഡേസാ ശ്രേണിയിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഹബീബ് മുഹമ്മദിനെ ശ്വാസം മുട്ടിക്കാൻ പലരും മുന്നിട്ടിറങ്ങി. പ്രീഡിഗ്രി ബോർഡിനെതിരെയുള്ള സമരം വിജയശ്രീലാളിതമാക്കാൻ അവർ ഉത്തരക്കടലാസുകളീൽ കൃത്രിമം കാട്ടി. പ്രോ വൈസ് ചാൻസലറെ അപമാനിച്ചു. കാലാവധി ആവും മുമ്പ് ഒരു യോഗത്തിൽ ഇരിക്കേ, വരാന്തയിലെ മുദ്രാവാക്യം വിളിയിൽ അദ്ദേഹത്തിന്റെ രാജ്യഭക്തി പോലും ചോദ്യം ചെയ്യപ്പെട്ടുവെന്ന് ഹബീബ് മുഹമ്മദ് പറഞ്ഞതോർക്കുന്നു.
സർട്ടിഫിക്കറ്റുകളിൽ കൈയൊപ്പ് ചാർത്തുന്നതാണ് വൈസ് ചാൻസലറുടെ പ്രധാന പണിയെന്ന് മനസ്സിലാക്കിത്തന്നത് അബദ്ധത്തിൽ കുടുങ്ങിയ വേറൊരു വൈസ് ചാൻസലർ ആയിരുന്നു. കൊച്ചു സർവകലാശാലയാണെങ്കിൽ സാരമില്ല. 'കേരള' പോലെ ഒരു കോട്ടകൊത്തളമാണെങ്കിൽ എത്ര എത്ര സർട്ടിഫിക്കറ്റുകളിൽ കൈയൊപ്പ് ചാർത്തണം! അങ്ങനെ വിലപിക്കുമ്പോൾ തനിക്കു വരാനിരിക്കുന്ന ആപത്തിനെപ്പറ്റി ജേണലിസം പ്രൊഫസറിൽനിന്ന് വൈസ് ചാൻസലർ ആയി ഉയർന്ന ജെ.വി വിളനിലത്തിന് ധാരണ ഉണ്ടായിരുന്നില്ല. എന്തിന്റെയോ പേരിൽ സമരം തുടങ്ങിയ വിദ്യാർഥികൾ അദ്ദേഹത്തെ ഓഫീസിൽ കേറാൻ അനുവദിക്കാതെ കാലാവധിയാവും വരെ പുറത്തു നിർത്തി. വിളനിലം വിട്ടുകൊടുത്തില്ല. പുറത്തെങ്കിൽ പുറത്ത്, രാജിവെച്ചൊഴിയാൻ വിളനിലത്തെ കിട്ടില്ലെന്ന് അദ്ദേഹം എല്ലാവരെയും ബോധ്യപ്പെടുത്തി.
കഥകൾ തീരുന്നില്ല. യോഗ്യത സംശയാസ്പദമായപ്പോൾ മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഒരു മേധാവി സ്ഥലംവിട്ടു. എങ്ങനെ ടിയാനെ അവിടെ തിരുകിക്കയറ്റിയെന്ന് ഇന്നും അടക്കിപ്പിടിച്ച ചർച്ചാവിഷയം. വേറൊരാളെ സമരത്തിനിടയിൽ താങ്ങിക്കൊണ്ടുപോകേണ്ടിവന്നു. ആ സ്ഥാനത്തിനു കുപ്പായം തയ്പിച്ചുവെച്ചിരുന്ന രണ്ടു പേർ നിരാശരായത് എനിക്കറിയാം.
സംസ്‌കൃത സർവകലശാലക്കു വേണ്ടി ഒന്നല്ല, രണ്ടു റിപ്പോർട്ട് തയാറാക്കിക്കൊടുത്ത പി.കെ. നാരായണ പിള്ളക്ക് മോഹിച്ച മേധാവിത്വം ലഭിച്ചില്ല. കോഴിക്കോട്ട് പ്രശസ്തനായ എം.എം. ഗനിക്കു ശേഷം നൂർ മുഹമ്മദ് വി.സി ആയി വരുന്നെന്നു കേട്ടപ്പോൾ സുകുമാർ അഴീക്കോട് ക്ഷോഭിച്ചു. നൂറു മുഹമ്മദല്ല നാനൂറു മുഹമ്മദ് വി.സി ആയി വന്നാലും ശോഭിക്കില്ലെന്നായിരുന്നു അവിടെ മലയാളം പ്രൊഫസർ ആയിരുന്ന അഴിക്കോടീന്റെ പരിഹാസം. പാവം നൂർ മുഹമ്മദ്, പേരിന്റെ പേരിൽ പോലും ചീത്തപ്പേരു കേട്ടു. പോട്ടെ, എത്രയോ കേമന്മാർ പലയിടത്തും നേരത്തേ നില തെറ്റി വീണിരിക്കുന്നു. നന്നേ ചെറുപ്പത്തിൽ ദൽഹി സർവകലാശായുടെ വി.സി ആയ ഡോക്ടർ കെ. എൻ. രാജ് ഏതാനും ആഴ്ചകളേ നിലനിന്നുള്ളൂ.
എന്തുകൊണ്ട് വൈസ് ചാൻസലർ? ഇംഗ്ലീഷിൽ ദൂഷ്യം എന്ന് അർഥം പറയാവുന്ന വൈസ് എന്ന വാക്ക് ചിലർക്ക് യോജിക്കാമെന്നു വരികയും ചിലർക്ക് ചേരാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? പ്രസിഡന്റിനു വൈസ് ഉണ്ടാകാം, പ്രധാനമന്ത്രിക്ക് ഡെപ്യൂട്ടി വേണം. വൈസ് ക്യാപ്റ്റൻ ആകാം, ലീഡർക്ക് വൈസ് ഉണ്ടായിക്കൂടാ. ഭാഷയിലായാൽ കുഴപ്പമില്ല. കെ.എം. മുൻഷി ഭാരതീയ വിദ്യാഭവന്റെ കുലപതി ആയി. മലയാളം കുലപതിയെ ഇനിയും ദത്തെടുത്തിട്ടില്ല. വൈസ് ചാൻസലർ അതായി തന്നെ തുടരുന്നു. നീ അതു തന്നെ. 'തത്വം അസി!'