Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപില്‍ വീണ്ടും വിവാദ പരിഷ്‌കാരം,  വെള്ളിയാഴ്ച അവധിയില്ല 

കവരത്തി- ലക്ഷദ്വീപില്‍ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ചയുള്ള അവധി മാറ്റി ഞായറാഴ്ച്ചയാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ക്ലാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മുന്‍പ് ലക്ഷദ്വീപില്‍ വെള്ളിയാഴ്ചയായിരുന്നു അവധി. ഇനി മുതല്‍ സ്‌കൂള്‍ അവധി ഞായറാഴ്ചയാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.
ബീഫ് നിരോധനം, സ്‌കൂളുകളില്‍ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. നേരത്തെ മീന്‍ പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്ന് ചട്ടമുണ്ടായിരുന്നു. ബോട്ടില്‍ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ബീഫ് നിരോധനമടക്കമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത്. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍, ഗോവധം നിരോധിക്കല്‍, സ്‌കൂളുകളില്‍ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കല്‍ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്. ഇതിനെതിരെ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ നിയമവും.ലക്ഷദ്വീപില്‍ വീണ്ടും വിവാദ പരിഷ്‌കാരം

Latest News