Sorry, you need to enable JavaScript to visit this website.

രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ്, ബിജെപി പ്രതിഷേധം;  ആലപ്പുഴയിലെ സര്‍വകക്ഷിയോഗം നാളത്തേക്ക് മാറ്റി

ആലപ്പുഴ- ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കലക്ട്രേറ്റില്‍ തിങ്കളാഴ്ച ചേരാനിരുന്ന സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
ഇന്ന് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുടര്‍ന്ന് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാല്‍ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.
അതേസമയം, സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായുള്ള സര്‍വകക്ഷിയോഗത്തിന് തങ്ങള്‍ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
രഞ്ജിത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ച് ഇന്ന് രാത്രിയോ നാളെയോ മറ്റന്നാളോ സര്‍വ്വകക്ഷിയോഗം നടത്താമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. 'സംസ്‌കാര ചടങ്ങുകള്‍ മൂന്ന് മണിക്കോ അഞ്ചു മണിക്കോ പൂര്‍ത്തിയാകുമോ എന്നറിയില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നുണ്ട്. മൂന്നിടത്ത് പൊതുദര്‍ശനമുണ്ട്. ബിജെപിയോട് സര്‍ക്കാരിന്റെ അസഹിഷ്ണുത തുടരുകയാണ്', സുരേന്ദ്രന്‍ പറഞ്ഞു.
സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാന്‍ സാധിക്കുന്നതല്ല. പോലീസും സര്‍ക്കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേ സമയം എസ്ഡിപിഐക്കും തീവ്രവാദ ശക്തികള്‍ക്കും വേണ്ട എല്ലാ പരിഗണനയും നല്‍കുന്നുമുണ്ട്. സര്‍വ്വകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരും സംസാരിച്ചിട്ടല്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്നോ ചടങ്ങുകള്‍ എപ്പോള്‍ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല', ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷന്‍ പറഞ്ഞു.
 

Latest News