പഞ്ചകുല - സീസണിന്റെ അവസാന ഘട്ടത്തിൽ ഉണർന്ന ഗോകുലം കേരളാ എഫ്.സി വെടിക്കെട്ടോടെ കന്നി സീസൺ അവസാനിപ്പിക്കുന്നു. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും പിന്നാലെ പോയന്റ് പട്ടികയിലെ മുൻനിരക്കാരായ മിനർവ പഞ്ചാബിനെയും തുടർച്ചയായ കളികളിൽ വീഴ്ത്തി ഐ-ലീഗ് ഫുട്‌ബോളിൽ ഗോകുലം കന്നി സീസണിന്റെ ഒടുക്കം ഗംഭീരമാക്കി. പഞ്ചാബിൽ നടന്ന കളിയിൽ 1-0 നാണ് ഗോകുലം ജയിച്ചത്. മോഹൻ ബഗാനെയും കൊൽക്കത്തയിലാണ് കന്നിക്കാർ മുട്ടുകുത്തിച്ചത്.
താവു ദേവിലാൽ സ്റ്റേഡിയത്തിൽ എഴുപത്തഞ്ചാം മിനിറ്റിൽ ഹെൻറി കിസേക്കയാണ് തകർപ്പൻ ബൈസികിൾ കിക്കിലൂടെ ഗോകുലത്തിന്റെ വിജയ ഗോളടിച്ചത്. ഗോളടിക്കുന്നതിന് മുമ്പ് മൂന്നു തവണ ഗോകുലത്തിന്റെ ഷോട്ടുകൾ ക്രോസ് ബാറിനിടിച്ച് മടങ്ങിയിരുന്നു. ഗോകുലത്തോടുള്ള തോൽവി മിനർവയുടെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയായി. 17 കളികളിൽ 31 പോയന്റുള്ള നെരോക്ക എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 15 കളികളിൽ 29 പോയന്റുമായി മിനർവ രണ്ടാം സ്ഥാനത്താണ്. അവസാന സ്ഥാനക്കാരായിരുന്ന ഗോകുലം 15 കളിയിൽ 19 പോയന്റുമായി ആറാം സ്ഥാനത്തേക്കുയർന്നു. മിനർവക്ക് തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോടും അവർ തോറ്റിരുന്നു.
തുടക്കം മുതൽ ഗോകുലമാണ് ആക്രമിച്ചത്. കിവി ഷിമോമിയും കിസേക്കയും സൽമാനും തുടക്കം മുതൽ എതിർ ഗോൾമുഖം ആക്രമിച്ചു. മിനർവക്ക് മധ്യനിരയിൽ കളി നിയന്ത്രിക്കാനേ ആയില്ല. രൺദീപ്, കാസിം അയ്ദാര, വില്യം അസീദു കൂട്ടുകെട്ട് ഒത്തിണക്കമില്ലാതെ ചിതറി. എങ്കിലും മുപ്പത്തഞ്ചാം മിനിറ്റിൽ അവരുടെ ആക്രമണം ഗോകുലം ഗോൾമുഖത്ത് പരിഭ്രാന്തി പരത്തി.
മഞ്ഞക്കാർഡ് കണ്ട രൺദീപിനെ മാറ്റി നാൽപതാം മിനിറ്റിൽ മിനർവ അമൻദീപിനെ ഇറക്കി. പരുക്കനടവുകൾ കാരണം ആദ്യ പകുതിയിൽ റഫറിക്ക് നാലു തവണ മഞ്ഞക്കാർഡ് എടുക്കേണ്ടി വന്നു. രണ്ടാം പകുതിയിൽ മിനിർവക്കായിരുന്നു മുൻതൂക്കം. എന്നാൽ ഗോകുലം കളിക്കാർക്ക് നിരന്തരം പരിക്കേറ്റത് കളിയുടെ ഒഴുക്ക് തടഞ്ഞു. ക്രമേണ ഗോകുലം മുന്നേറ്റങ്ങൾക്ക് മൂർച്ചയേറി. ഗാലറിയെ ത്രസിപ്പിച്ച മുന്നേറ്റത്തിലൂടെയാണ് ഗോകുലം ഗോൾ നേടിയത്. പ്രൊവാറ്റ് ലാക്രയുടെ ക്രോസ് കിസേക്ക ഫസ്റ്റ് ടച്ചിൽ തന്നെ വലയിലേക്ക് തിരിച്ചുവിട്ടു. എന്നാൽ പന്ത് ക്രോസ് ബാറിനിടിച്ചു തെറിച്ചു. സെൻസേഷനൽ ബൈസികിൾ കിക്കിലൂടെ കിസേക്ക വീണ്ടും പന്ത് വലയിലേക്ക് പായിച്ചു.
പിന്നീടങ്ങോട്ട് മിനർവ സർവം മറന്ന് ആക്രമിച്ചു. എൺപത്തൊമ്പതാം മിനിറ്റിൽ വില്യമിനും ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഗോൾകീപ്പർ കിരണിനും തലനാരിഴക്കാണ് പിഴച്ചത്.