കോഴിക്കോട്- സംസ്ഥാന സർക്കാറിന്റെ കെ-റെയിൽ പദ്ധതി പൊളിക്കാൻ ദൽഹിയിൽ രാഷ്ട്രീയ സമ്മർദം ശക്തമാക്കാൻ ബി.ജെ.പി നീക്കം. പദ്ധതിക്ക് അംഗീകാരം നൽകണോ വേണ്ടയോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാട് നിർണായകമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വി. മുരളീധരനെ മുൻനിർത്തി ബി.ജെ.പി സംസ്ഥാന ഘടകം പദ്ധതിക്കെതിരെ കടുത്ത സമ്മർദത്തിന് മുതിരുന്നത്. പദ്ധതിക്ക് ഒരു കാരണവശാലും പ്രധാനമന്ത്രിയിൽനിന്ന് അംഗീകാരം കിട്ടാതിരിക്കാനായി അമിത്ഷാ ഉൾപ്പെടെയുള്ള ദേശീയ നേതൃത്വത്തിന് മുന്നിൽ രാഷ്ട്രീയമായിത്തന്നെ ഈ വിഷയം ഉന്നയിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ട് പദ്ധതിക്ക് അംഗീകാരം നൽകിക്കളയുമോ എന്ന ഭയമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളത്.
കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമടക്കുള്ള നേതാക്കൾ ശക്തമായി രംഗത്തു വന്നിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പദ്ധതിക്ക് അംഗീകാരം നൽകാൻ സാധ്യതയില്ലെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിരുന്നത്. റെയിൽവേ മന്ത്രിക്ക് പദ്ധതിയോട് എന്തെങ്കിലും അനുകൂല നിലപാട് ഉണ്ടെങ്കിൽ കൂടി വി. മുരളീധരനെ ഉപയോഗിച്ച് റെയിൽവേ മന്ത്രിയിൽ സമ്മർദം ചെലുത്താമെന്നും ധാരണയുണ്ടായിരുന്നു.
എന്നാൽ കെ-റെയിലിന്റെ സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതായിരിക്കും. പദ്ധതിയോട് അത്രത്തോളം അനുകൂല നിലപാടല്ല റെയിൽവേ മന്ത്രിക്കുള്ളതെന്ന് ബോധ്യമായതോടെയാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ ഇടപെടുവിപ്പിക്കുകയെന്ന നിർണായകമായ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ഒരു പ്രധാന പദ്ധതിയെന്ന നിലയിൽ ഇതിനെ ഒറ്റയടിക്ക് തള്ളിക്കളയുന്ന നിലപാട് പ്രധാനമന്ത്രി സ്വീകരിക്കില്ലെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. മാത്രമല്ല എന്ത് ത്യാഗം സഹിച്ചും സംസ്ഥാന സർക്കാർ ഈ അഭിമാന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 6 നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുള്ളത്. സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയുടെ സ്ഥലമെടുപ്പിന് വേണ്ടി വരുന്ന 13,700 കോടി രൂപയുടെ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കാമെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്. പദ്ധതിക്ക് വേണ്ടി കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ രാജ്യത്തിന് പുറത്ത് നിന്നുള്ള ഏജൻസികളിൽ നിന്ന് എടുക്കുന്ന വായ്പയുടെ തിരിച്ചടവിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചാൽ അതിന്റെ മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാരിന് വഹിക്കാമെന്നും പ്രധാനമന്ത്രിക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി ചില പദ്ധതിക്ക് അംഗീകാരം നൽകുന്നതിൽ ചില സാങ്കേതിക തടസ്സങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിനാലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിക്കുന്നതെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
കത്തിൽ പറയുന്ന കാര്യങ്ങളിൽ വിശദമായ ചർച്ചക്ക് പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നതിനും മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നേരിട്ട് പദ്ധതിക്ക് അംഗീകാരം നൽകിയാൽ അത് സംസ്ഥാന സർക്കാറിന്റെ വലിയ വിജയവും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വലിയ പാരജയവുമായി വിലയിരുത്തപ്പെടും. മാത്രമല്ല പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പല കാര്യങ്ങളും ഇതിന് മുമ്പ് മുഖ്യമന്ത്രി സാധിച്ചെടുത്തിട്ടുണ്ട്. ഇത് തന്നെയാണ് കെ-റെയിലിന്റെ കാര്യത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഭയം.
പദ്ധതിക്ക് അനുവാദം നൽകരുതെന്ന് ആവശ്യപ്പെട്ട് അമിത്ഷാ അടക്കമുള്ള പാർട്ടിയിലെ ഉന്നത നേതൃത്വത്തെക്കൊണ്ട് പ്രധാനമന്ത്രിയിൽ സ്വാധീനം ചെലുത്തിക്കാനാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നീക്കം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരത്തെ ഡൽഹിയിൽ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ-റെയിൽ വിഷയം ഉന്നയിച്ചിരുന്നതായി അറിയുന്നു. അതിന് ശേഷമാണ് സുരേന്ദ്രൻ കേരളത്തിൽ തിരിച്ചെത്തി കെ-റെയിൽ പദ്ധതിക്കെതിരെ നിശിത വിമർശനമുയർത്തിയത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രാസമയം നാല് മണിക്കൂറായി കുറയ്ക്കാൻ കഴിയുന്ന സിൽവർലൈൻ പദ്ധതിക്ക് 63491 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 33,700 കോടി രൂപ വിദേശ വായ്പയും 3125 കോടി രൂപ റെയിൽവേ വിഹിതവുമാണ്. ബാക്കി കുക സംസ്ഥാന സർക്കാർ കണ്ടെത്തണം. 11 ജില്ലകളിലായി 1126 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
സാമ്പത്തികമായി വലിയ ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാകുകയെന്നും അത് കൊണ്ട് തന്നെ ഇത് പൂർത്തിയാക്കാനാകില്ലെന്നും വലിയ തോതിൽ കുടിയൊഴിപ്പിക്കൽ വേണ്ടിവരുമെന്നും ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസും ബി.ജെ.പിയും വിവിധ സംഘടനകളും പദ്ധതിയെ എതിർക്കുന്നത്. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിക്ക് വേണ്ടി തയാറാക്കിയ സ്‌കെച്ച് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും ആരോപണമുണ്ട്. മെട്രാമാൻ ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ പദ്ധതിക്കതിരെ രംഗത്തെത്തിയിട്ടുണ്ട്.