റിയാദ് - ഫൈനൽ എക്‌സിറ്റ് നൽകുന്ന വിദേശ തൊഴിലാളികൾ രാജ്യം വിടുന്നത് തൊഴിലുടമകൾ ഉറപ്പുവരുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകിയാൽ മാത്രം പോരാ, മറിച്ച്, രാജ്യം വിടുന്നതു വരെ അവരെ തൊഴിലുടമകൾ നിരീക്ഷിക്കണം. ഫൈനൽ എക്‌സിറ്റ് നൽകിയ തൊഴിലാളിയുടെ താമസസ്ഥലം തൊഴിലുടമക്ക് അറിയാത്ത പക്ഷം ഫൈനൽ എക്‌സിറ്റ് റദ്ദാക്കി തൊഴിലാളി ഒളിച്ചോടിയതായി രജിസ്റ്റർ (ഹുറൂബാക്കൽ) ചെയ്യണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി തൊഴിലാളികളെ ഹുറൂബാക്കാവുന്നതാണ്. എന്നാൽ ഫൈനൽ എക്‌സിറ്റ് വിസ ഇഷ്യു ചെയ്ത തൊഴിലാളികളെ ഓൺലൈൻ വഴി ഹുറൂബാക്കാൻ കഴിയില്ല. ഇതിന് ആദ്യം ഫൈനൽ എക്‌സിറ്റ് റദ്ദാക്കണം. ഹുറൂബാക്കാൻ തൊഴിലാളിയുടെ ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഓൺലൈൻ വഴി ഹുറൂബാക്കാൻ സാധിക്കുകയുള്ളൂ. ഹുറൂബാക്കി പതിനഞ്ചു ദിവസത്തിനുള്ളിൽ ഓൺലൈൻ വഴി ഹുറൂബ് നീക്കം ചെയ്യാനും സാധിക്കും. പതിനഞ്ചു ദിവസം പിന്നിട്ടാൽ ഹുറൂബ് ഒരിക്കലും നീക്കം ചെയ്യാൻ സാധിക്കില്ലെന്നും ജവാസാത്ത് പറഞ്ഞു.
വിദേശികളുടെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കാൻ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പ്ലാറ്റ്‌ഫോമിൽ തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് ഫൈനൽ എക്‌സിറ്റ് റദ്ദാക്കേണ്ടത്. ഫൈനൽ എക്‌സിറ്റ് വിസ കാലാവധി 60 ദിവസമാണ്. കാലാവധിക്കുള്ളിലാണ് ഫൈനൽ എക്‌സിറ്റ് റദ്ദാക്കുന്നതെങ്കിൽ പിഴകൾ ബാധകമല്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.