ആലപ്പുഴ- ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.പ്രഭാത സവാരിക്കിടെ ഒരു സംഘം ആളുകളെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരപരിധിയിലാണ് കൊലപാതകം നടന്നത്.ആലപ്പുഴ നഗരഭാഗമായ വെള്ളകിണര്‍ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ കൊല നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ഇന്നലെ രാത്രി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഒരു സംഘം എത്തി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.