കോട്ടയം - കൈക്കൂലി കേസിൽ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എ.എം ഹാരിസിൻ്റെ ജാമ്യാപേക്ഷ തള്ളി. ഹാരിസിനെ സർവീസിൽ നിന്നു സസ്പെൻ്റ് ചെയ്തു. രണ്ടാം പ്രതി ജോസ് മോനെതിരെയും നടപടി വന്നേക്കും.
കോട്ടയം വിജിലൻസ് കോടതിയാണ് ഹാരിസിൻ്റെ ജാമ്യാപേക്ഷ നിരസിച്ചത് . പാലായ്ക്ക് സമീപം പ്രവിത്താനത്തുള്ള ഒരു ടയർ റീട്രേഡിംഗ് കമ്പനിയുടെ കാലാവധി അവസാനിച്ച നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയും മറ്റ് സ്വത്ത് വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.
അതേ സമയം കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ വിജിലൻസ് റെയ്ഡ് തുടരുകയാണ്. ഇതേ കേസിൽ രണ്ടാം പ്രതിയായ കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ഉദ്യോഗസ്ഥൻ ജോസ്മോൻ്റെ കൊല്ലം എഴുകോണിലുള്ള വീട്ടിലും വിജിലൻസ് പരിശോധന നടത്തി. ഒന്നര ലക്ഷം രൂപയും ഒരു ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസികളും കണ്ടെടുത്തു. 40 പവൻ സ്വർണം വീട്ടിലും 72 പവൻ ബാങ്ക് ലോക്കറിലും സൂക്ഷിച്ചിരുന്നു. കൊട്ടാരക്കര എഴുകോണിലെ 3500 സ്ക്വയർ ഫീറ്റ് വീടിന് പുറമേ അവിടെ തന്നെ രണ്ട് വാണിജ്യ കെട്ടിടങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്.
വാഗമണ്ണിൽ കോടികൾ വിലമതിക്കുന്ന റിസോർട്ടും ജോസ് മോൻ്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18 ലക്ഷം രൂപയുടെ ആഡംബര കാറും അഞ്ച് ലക്ഷം രൂപയുടെ ഇരുചക്രവാഹനവുമാണ് ഇയാൾ ഉപയോഗിക്കുന്നത്. വിവിധ ബാങ്കുകളിലായി രണ്ടു കോടി രൂപയുടെ സ്ഥിരനിക്ഷേപവും, കൂടാതെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 40 ലക്ഷം രൂപയുടെ കടപ്പത്രവും ഇയാൾ വാങ്ങിയിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോൾ ജോസ് മോൻ വീട്ടിൽ ഉണ്ടായിരുന്നില്ല. സീനിയർ എൻവയോൺമെൻറ് എഞ്ചിനിയറായ ജോസ്മോൻ കോട്ടയത്ത് ജോലി ചെയ്യവേ പാലാ സ്വദേശിയുടെ റബ്ബർ റീട്രേഡിംഗ് കമ്പനിക്ക് ശബ്ദമലിനീകരണ സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേ കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥൻ എ.എം ഹാരിസ് വിജിലൻസ് പിടിയിലായത്.