കൊച്ചി- ഈ മാസം 21 മുതല്‍ പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. നിരക്കു വര്‍ധനയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിച്ച സാഹചര്യത്തിലാണ് സമരം മാറ്റുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
തങ്ങളുന്നയിച്ച ആവശ്യങ്ങളിലെല്ലാം സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി സംയുക്ത സമര സമിതി വ്യക്തമാക്കി. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഒപ്പം ക്രിസ്മസ് അവധി അടക്കമുള്ളവയും മുന്നില്‍ കണ്ടാണ് സമരത്തില്‍നിന്ന് പിന്‍മാറുന്നത്. ക്രിസ്മസ് തിരക്കില്‍ സമരം നടത്തുന്നത് ജനത്തിനെ ബുദ്ധിമുട്ടിക്കുന്നതായി മാറുമെന്ന കാര്യവും പരിഗണിച്ചു.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചില്ലെന്നും ചര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു ചാര്‍ജ് വര്‍ധന അടക്കമുള്ള തീരുമാനം വൈകാന്‍ കാരണം. ബസ് ചാര്‍ജ് മിനിമം പത്തു രൂപയാക്കാന്‍ ഇടതുമുന്നണി അനുമതി നല്‍കിയിരുന്നു.