കൊച്ചി- രാജ്യത്ത് ഏറ്റവും കൂടുതല്‍ കടലാസ് കമ്പനികള്‍ കേരളത്തിലെന്ന് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം. ഇത്തരം കമ്പനികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പേരിനുമാത്രം രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന കമ്പനികളാണ് കടലാസ് കമ്പനികള്‍. 2016നുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്തയയ്ക്കുന്നത്. 2016ലും ആയിരത്തഞ്ഞൂറോളം കമ്പനികളെ രജിസ്‌ട്രേഷന്‍ റദ്ദാക്കി നിര്‍ജീവമാക്കിയിരുന്നു. കേരളത്തില്‍ രണ്ടുവര്‍ഷമായി ഒരു പ്രവര്‍ത്തനവും നടത്താതെ കിടക്കുന്നത് 1395 കമ്പനികളാണ്. ഇവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കേരളലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതല്‍ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യമായി കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്. രണ്ടാംസ്ഥാനത്ത് തമിഴ്‌നാടാണെന്നാണ് സൂചന. രണ്ടുവര്‍ഷമായി ഒരു പ്രവര്‍ത്തനവും നടത്താതിരിക്കുകയും രേഖകള്‍ സമര്‍പ്പിക്കാതിരിക്കുകയും രജിസ്‌ട്രേഷന്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഈ 1395 കമ്പനികളും. രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കാന്‍ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.